കോവിഡ് പ്രതിസന്ധി മൂലം അടച്ചുപൂട്ടപ്പെട്ടിരുന്ന കേരളത്തിലെ തീയറ്ററുകൾ സാധാരണഗതിയിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ് ചിത്രം മാസ്റ്ററിലൂടെ തീയറ്ററുകൾ വീണ്ടും തുറന്നതോടെ പ്രേക്ഷകരും തീയറ്ററുകളിലേക്ക് എത്തിത്തുടങ്ങി. ദിലീപ്, വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ തുടങ്ങിയ സെലിബ്രിറ്റികളും തീയറ്ററുകളിലേക്ക് സിനിമ കാണുവാൻ എത്തിയെന്നത് പ്രചോദനമേകുന്ന കാര്യമാണ്. മലയാള സിനിമക്കും പുനർജീവനേകി ജയസൂര്യ നായകനായ വെള്ളം കോവിഡിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമായി തീയറ്ററുകളിൽ ഇന്ന് എത്തിയിരിക്കുകയാണ്.
ക്യാപ്റ്റന്‍ ശേഷം ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെൻ ഒരുക്കിയിരിക്കുന്ന ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ താരത്തിന്റെ പ്രകടനത്തിന് തന്നെയാണ് ഫുൾ മാർക്ക് നൽകിയിരിക്കുന്നത്. സ്ഥിരം മദ്യപാനിയായ ഒരു വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ആ കഥാപാത്രമായി ജയസൂര്യ മാറുന്ന കാഴ്ച്ച കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രേക്ഷകർ. സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ‘വെള്ളം’ നിര്‍മ്മിച്ചിരിക്കുന്നത്.
ബി.കെ ഹരിനാരായണന്, നിതീഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിരുടെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. റോബി രാജ് വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ബിജിത് ബാലയാണ്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്കര്‍ പ്രിയങ്ക എന്നിവരാണ് മറ്റു താരങ്ങള്‍.