2019ലെ ആദ്യ രണ്ടു മാസങ്ങൾ പിന്നിടുമ്പോൾ ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളാണ് ഇതുവരെ മലയാളത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്. ജയറാം, ദിലീപ്, നിവിൻ പോളി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒട്ടനേകം നായകന്മാരുടെ ചിത്രങ്ങൾ ഈ കാലയളവിൽ തീയറ്ററുകളിൽ എത്തി. ഏതു ചിത്രമാണ് നല്ലത്? ആരാണ് മികച്ചത്? എന്നെല്ലാമുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഒന്ന് സംശയിക്കാൻ തക്ക ചിത്രങ്ങളാണ് മിക്കവയും. പക്ഷേ ഇതിന്റെ എല്ലാം ഇടയിലൂടെ പ്രേക്ഷകരെ സ്ഥിരം ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സിദ്ധിഖിന്റെ അസാമാന്യ പ്രകടനങ്ങൾ അദ്ദേഹത്തെ നായകന്മാരേക്കാൾ ഏറെ മുന്നിൽ എത്തിച്ചിരിക്കുകയാണ്.
ആസിഫ് അലി നായകനായി എത്തിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ നായകൻറെ അച്ഛൻ വേഷത്തിലൂടെയാണ് 2019ന് സിദ്ധിഖ് തുടക്കമിട്ടത്. ‘ആന ഹരി, ആന ഹരി എന്ന് കേട്ടിട്ടില്ല. ഹരിയാന എന്ന് കേട്ടിട്ടുണ്ട്’ എന്ന ഡയലോഗ് തീയറ്ററുകളിൽ തീർത്തത് നിലക്കാത്ത ചിരികളാണ്. മകന് കോപ്പി എഴുതി കൊടുക്കുന്ന ആ അച്ഛൻ വേഷം സരസമായ രീതിയിൽ വിജയിപ്പിച്ച സിദ്ധിഖിനെ പിന്നീട് കാണുന്നത് പേടിപ്പെടുത്തുന്ന മറ്റൊരു അച്ഛൻ വേഷത്തിലാണ്.
നിവിൻ പോളി നായകനായ മിഖായേലിലെ ജോർജ് പീറ്റർ എന്ന സൈക്കോയെ പ്രേക്ഷകർ അങ്ങനെ ഇങ്ങനെ ഒന്നും മറക്കുമെന്ന് തോന്നില്ല. പ്രേക്ഷകന് തന്നെ ഒന്ന് കൊടുക്കാൻ തോന്നി പോകുന്ന എ കഥാപാത്രം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രം ആയിരുന്നു. കറുത്ത ഷർട്ട് ഉടുത്ത് മരണം വരുമൊരുനാൾ പാടി നടക്കുന്ന ജോർജ് പീറ്ററിന് മികച്ച വില്ലനുള്ളൊരു അവാർഡ് കാത്തിരിപ്പുണ്ട് എന്ന് ഉറപ്പാണ്.
ആസിഫ് അലി, നിവിൻ പോളി എന്നിവരുടെ അച്ഛൻ ആയ സിദ്ധിഖിനെ പിന്നെ പ്രേക്ഷകർ കണ്ടത് കിളി പോയ ഒരു സ്റ്റൈലിഷ് ന്യൂ ജെൻ ഡാഡ് ആയിട്ടാണ്. ഇന്നലെ തീയറ്ററുകളിൽ എത്തിയ ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീലിലെ അച്ഛൻ വേഷം പ്രേക്ഷകരെ ചെറുതായിട്ടൊന്നുമല്ല പൊട്ടിച്ചിരിപ്പിക്കുന്നത്. ഏതു റോളും ആ കൈകളിൽ ഭദ്രമാണെന്ന് 2019ന്റെ തുടക്കത്തിൽ തന്നെ തെളിയിച്ചിരിക്കുന്ന സിദ്ധിഖിന്റേതായി ഒരു പിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജി എസ് പ്രദീപിന്റെ സ്വർണ്ണമത്സ്യങ്ങൾ, വൈശാഖിന്റെ മമ്മൂട്ടി ചിത്രം മധുരരാജ, മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ എന്നിങ്ങനെ വീണ്ടും ഞെട്ടിക്കാൻ സിദ്ധിഖ് റെഡി ആവുകയാണ്.. കൂടെ ഞെട്ടാൻ പ്രേക്ഷകരും..!