നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ‘വീരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വിഡിയോ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഇതുവരെ കണ്ടത് 87ലക്ഷത്തിലധികം പേരാണ്. നന്ദമുറി ബാലകൃഷ്ണ, ഹണി റോസ്, ചന്ദ്രിക രവി എന്നിവരാണ് ഗാനരംഗത്തുള്ളത്. തമന് എസിന്റേതാണ് സംഗീതം. സഹിതി ചഗന്ദി, സത്യ യാമിനി, രേണു കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് ‘വീരസിംഹ റെഡ്ഡി’. ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന് ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റിഷി പഞ്ചാബിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലി ആണ് എഡിറ്റര്‍. രവി തേജ നായകനായ ഡോണ്‍ സീനു എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ആളാണ് ഗോപിചന്ദ് മലിനേനി. വീരസിംഹ റെഡ്ഡി ജനുവരി 12ന് തീയറ്ററുകളില്‍ എത്തും.