അനൂപ് മേനോൻ നായകനായി എത്തുന്ന ത്രില്ലർ ചിത്രമായ 21 ഗ്രാംസിലെ ഗാനം പുറത്തിറങ്ങി. ‘വിജനമാം താഴ്വാരം’ എന്നതിന്റെ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. സൈന മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. ചിത്രത്തിലെ ആദ്യഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിനായത് ശശികുമാറിന്റെ വരികൾക്ക് ദീപക് ദേവ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റിലീസ് ചെയ്തതിനു പിന്നാലെ വലിയ പ്രശംസയാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 21 ഗ്രാംസ്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന വിജനമാം താഴ്വാരം ചിത്രത്തിലെ ടൈറ്റിൽ ഗാനമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഗാനരംഗത്തിൽ സംഗീതസംവിധായകൻ ദീപക് ദേവിനെയും ഗായകൻ കെ എസ് ഹരിശങ്കറിനെയും കാണാൻ കഴിയും. കൂടാതെ സിനിമയിലെ ചില ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് പതിനെട്ടിന് ചിത്രം റിലീസ് ചെയ്യും. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിനൊപ്പം തന്നെ ഒരു ഇമോഷണൽ ഡ്രാമ കൂടി ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇന്ന് റിലീസ് ചെയ്ത ഗാനത്തിൽ നിന്ന് വ്യക്തമാകുന്നത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നന്ദകിഷോര്‍ എന്ന കഥാപാത്രമായി അനൂപ് മേനോന് എത്തുന്നു. ലെന, സംവിധായകന് രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്, നന്ദു, ശങ്കര്‍ രാമകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ക്യാമറ – ജിത്തു ദാമോദര്‍, എഡിറ്റിംഗ് – അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈനർ – സന്തോഷ് രാമന്.