കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിധി ദി വെര്ഡിക്ട്’ ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അനൂപ് മേനോന്, ധര്മ്മജന്, ഷീലു എബ്രഹാം, നൂറിന് ഷെരീഫ്, മനോജ് കെ ജയന്, ബൈജു സന്തോഷ്, സാജില്‍ സുദര്ശന്, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്, കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വ്യത്യസ്ഥമായ ജീവിതസാഹചര്യങ്ങളില്‍ ഉൾപ്പെടുന്ന കുറേ കുടുംബങ്ങള്‍ ചേക്കേറിയ ഇടമാണ് ഗോള്‍ഡന്‍ സാന്റ് എന്ന പാര്‍പ്പിടസമുച്ചയം. പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന കായലിനെ തൊട്ടിരിക്കുന്ന ഒരു തീരത്താണ് അത് സ്ഥിതിചെയ്യുന്നത്. അവിടെ മക്കള്‍ തിരിഞ്ഞുനോക്കാത്ത വൃദ്ധരായ മാതാപിതാക്കളുണ്ട്, രോഗികളുണ്ട്, വിവാഹമോചനത്തിന്റെ വിധി കാത്ത് ഒരു മുറിയില്‍ കഴിഞ്ഞുകൂടേണ്ടിവരുന്ന ദമ്പതികള്‍, അന്യഭാഷക്കാരുണ്ട്, അവര്‍ക്കിടയില്‍ മൊട്ടിട്ട പ്രണയമുണ്ട്, ഭാര്യയാല്‍ വഞ്ചിക്കപ്പെട്ട കലാകാരനുണ്ട്, ദത്തെടുത്ത കുഞ്ഞിനെ കൂട്ടിവരാന്‍ കൊതിച്ചിരിക്കുന്ന അച്ഛനും അമ്മയുമുണ്ട്, അജ്ഞാതഭൂതകാലമുള്ള കര്‍ക്കശക്കാരിയായ അസോസിയേഷന് സെക്രട്ടറിയുണ്ട്, ഇവരെയെല്ലാം ചുറ്റിപ്പറ്റി ജീവിതം തേടുന്ന തേപ്പുപണിക്കാര്‍, കെയര്‍ടെയ്ക്കര്‍, സെക്യൂരിറ്റി, ജലവിതരണക്കാരന്‍ അങ്ങനെ പല മനുഷ്യരുടെയും സ്ഥലമാണ് അത്.
അതിനിടയിലേക്കാണ് അവരുടെ സ്വപ്നങ്ങളെ പിച്ചിച്ചീന്തി പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി കെട്ടിപ്പൊക്കിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഫ്ളാറ്റ് പൊളിച്ചുനീക്കാന്‍ സുപ്രീം കോടതിയുടെ വിധി വരുന്നത്. ഫ്ളാറ്റ് സംഭവവികാസങ്ങള്‍ക്ക് സമാന്തരമായിപ്പോകുന്ന മറ്റൊരു കഥകൂടിയുണ്ട് സിനിമയില്‍. സഹജീവികളുടെ ജീവനോ ജീവിതത്തിനോ ഒരിറ്റു മൂല്യം കല്‍പ്പിക്കാത്ത, പണക്കൊതിപൂണ്ട വഞ്ചനകരോട് കാലം കണക്കുചോദിക്കും എന്നോര്‍മ്മിപ്പിക്കുന്ന കഥയുടെ ആ ഘട്ടം ഇണക്കിച്ചേര്‍ത്തിരിക്കുന്നത് സൂക്ഷ്മശ്രദ്ധയോടെയാണ്. അനൂപ് മേനോനും ധര്‍മ്മജനും നിറഞ്ഞാടുന്ന സീനുകള്‍ ആവേശമുയര്‍ത്തുന്നു.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്ശന് കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മാണം. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്. നേരത്തേ ‘മരട് 357’ എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ന്ന് ‘വിധി: ദ് വെര്‍ഡിക്റ്റ്’ എന്ന് പേരു മാറ്റുകയായിരുന്നു.