നടി മഞ്ജു വാര്യര്‍ വീട് വച്ച് നല്‍കാമെന്ന തന്റെ വാഗ്ദാനം പാലിച്ചതോടെ വിദ്യയ്ക്കും കുടുംബത്തിനും വാടകവീടുകളില്‍ നിന്നും മോചനമായി. 2015ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചതാണ് വീട്. കൊച്ചിയിലൊരുക്കിയ ചടങ്ങിലായിരുന്നു 12 കുട്ടികള്‍ക്കു സഹായപ്രഖ്യാപനം നടത്തിയത്. കുട്ടികളില്‍ പലരുടെയും സ്ഥിതി ചോദിച്ചറിഞ്ഞ മഞ്ജു, നാലുപേര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുമെന്നും അറിയിച്ചു. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത വിദ്യയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
വടശ്ശേരിക്കര കടമാന്‍കുന്ന് ക്ഷേത്രത്തിനടുത്ത് വിദ്യയ്ക്കും കുടുംബത്തിനുമായി മനോഹരമായ കൊച്ചുവീട് ഒരുങ്ങിയത്. വീടിന്റെ പാലുകാച്ചല്‍ വ്യാഴാഴ്ച 12.20-ന് നടന്നു. ഈ സന്തോഷത്തില്‍ പങ്കാളിയാവാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു. റാന്നി വടശ്ശേരിക്കര ചരിവുകാലായില്‍ ചന്ദ്രികാദേവിയുടെ മൂന്നു പെണ്മക്കളില് ഇളയവളാണ് വിദ്യ. അച്ഛന് ചെറുപ്പത്തിലേ കുടംബത്തെ ഉപേക്ഷിച്ചുപോയിരുന്നു. വടശ്ശേരിക്കര ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപം പുറമ്പോക്കു സ്ഥലത്തു ചായക്കട നടത്തിയാണ് ചന്ദ്രികാദേവി കുടുംബം പോറ്റിയിരുന്നത്.
നിരവധിപേരുടെ സഹായത്തോടെയാണ് കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നത്. രോഗിയായ ചന്ദ്രികാദേവിക്കു ചികിത്സച്ചെലവും കണ്ടെത്തേണ്ടിവന്നു. ഇവരുടെ സ്ഥിതി മനസ്സിലാക്കിയാണ്, നൃത്തയിനങ്ങളില്‍ കഴിവുതെളിയിച്ചിരുന്ന വിദ്യക്ക് വീടു നിര്‍മിച്ചുനല്‍കാനും ചികിത്സാസഹായം നല്‍കാനും മഞ്ജു വാര്യര്‍ തയ്യാറായത്. ചെന്നൈ എം.ജെ.ജാനകി കോളേജിലെ ബി.എ. ഭരതനാട്യം വിദ്യാര്‍ഥിനിയാണിപ്പോള്‍ വിദ്യ.