1993 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു വിയറ്റ്നാം കോളനി. റാവുത്തറും, ജോണും,വട്ടപ്പള്ളിയും, പട്ടാളം മാധവിയുമൊക്കെ നിറഞ്ഞാടിയ ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത് സിദ്ദിഖ്-ലാൽ ആയിരുന്നു. സിനിമയിലെ പ്രധാന ലൊക്കേഷനായ വിയറ്റ്നാം കോളനി ഷൂട്ട് ചെയ്തത് ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലെ പഴയ ഗുജറാത്തി ബിൽഡിങ്ങുകളിലാണ്. ജെയിൻ ബിൽഡിങ് എന്നു പേരുള്ള ഈ കെട്ടിടം 150 വർഷം പഴക്കമുള്ളതാണ്.
ഇരുപത്തെട്ടു വർഷങ്ങൾക്കു മുൻപ് സിനിമ ഷൂട്ട് ചെയ്ത കെട്ടിടങ്ങൾ ഇപ്പോൾ ജീർണാവസ്ഥയിലാണ്. ജൈന ടെംപിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബിൽഡിങ്ങുകൾ. ആലപ്പുഴയുടെ ചരിത്രത്തിന്റെ ഭാഗം കൂടെയാണ് ഈ ബിൽഡിങ്ങുകൾ. നൂറ്റാണ്ടു മുൻപ് ആലപ്പുഴ ജില്ലയിലെ മലഞ്ചരക്ക് വ്യാപാരത്തിന്റെ കേന്ദ്രം ഈ സ്ഥലത്തായിരുന്നു. പിന്നിട് സ്വാതന്ത്ര്യലബ്ദിയോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അഞ്ചോളം വാടകക്കാർ ഇപ്പോഴും ഈ കെട്ടിടങ്ങളിൽ താമസിക്കുന്നുണ്ട്. കെട്ടിടം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് പദ്ധതിയുടെ പ്രവർത്തകരും മന്ത്രി തോമസ് ഐസക്കും ജൈന ടെംപിൾ ട്രസ്റ്റുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ ഫലവത്തായി കണ്ടില്ല.