മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഒരു നടനാണ് ഇന്ദ്രൻസ്. സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും നേടിയിട്ടുള്ള ഇന്ദ്രൻസിനെ നായകനാക്കി ആർട്ട് ശ്രേണിയിൽപ്പെട്ട ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും കോമേഴ്സ്യൽ ചിത്രങ്ങൾ പ്രേക്ഷകർ കണ്ടിട്ടില്ല. അതിന് ഒരു അന്ത്യം കുറിച്ചിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ സാരഥിയും നടനുമായ വിജയ് ബാബു.
തന്റെ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രം ഇന്ദ്രൻസേട്ടനെ നായകനാക്കിയാണ് ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ബാബു അറിയിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച ഫിലിപ്സ് ആൻഡ് ദി മങ്കിപ്പെൻ എന്ന ചിത്രത്തിലൂടെ ഷാനിൽ മുഹമ്മദിനൊപ്പം മലയാള സിനിമ സംവിധാന രംഗത്തേക്ക് കടന്നു വന്ന റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോ ആൻഡ് ദി ബോയ് എന്ന ചിത്രവും റോജിൻ സംവിധാനം നിർവഹിച്ചിട്ടുണ്ട്. റോജിൻ തന്നെയാണ് തിരക്കഥയും. രാഹുൽ സുബ്രഹ്മണ്യൻ സംഗീതസംവിധാനവും നീൽ ഡിക്കൂഞ്ഞ ഛായാഗ്രഹണവും നിർവഹിക്കുന്നു.