വിമര്‍ശിച്ച തീയറ്റര്‍ ഉടമയെ വീട്ടിലെത്തി കണ്ട് തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ട. ലൈഗറിന്റെ റിലീസിന് പിന്നാലെ വിമര്‍ശനം ഉന്നയിച്ച മുംബൈ മറാത്ത മന്ദിര്‍ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയെയാണ് വിജയ് ദേവരക്കൊണ്ട നേരിട്ടുവന്നു കണ്ടത്. മനോജ് ദേശായിക്കൊപ്പം താരം ഏറെ നേരെ ചെലവഴിച്ചു. വിജയ് ദേവരക്കൊണ്ടയെ വിമര്‍ശിച്ചതില്‍ മനോജ് ദേശായി മാപ്പ് പറഞ്ഞു. മനോജ് ദേശായിയുടെ മനസ് കീഴടക്കിയാണ് വിജയ് ദേവരക്കൊണ്ട മടങ്ങിയത്.
വിജയ് ദേവരക്കൊണ്ട വിനയമുള്ള മനുഷ്യനാണെന്നും അദ്ദേഹത്തിന് നല്ല ഭാവിയുണ്ടെന്നും മനോജ് ദേശായി പറഞ്ഞു. വിജയ് ദേവരക്കൊണ്ടയുടെ എല്ലാ സിനിമകളും ഇനി താന്‍ സ്വീകരിക്കും. താന്‍ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളൂ എന്നും അതില്‍ ഒരാള്‍ അമിതാഭ് ബച്ചനും മറ്റൊരാള്‍ വിജയ് ദേവരക്കൊണ്ടയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഗര്‍ റിലീസായതിന് പിന്നാലെ, വിജയ് ദേവരക്കൊണ്ടയുടെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചെന്നായിരുന്നു മനോജ് ദേശായി പറഞ്ഞത്. ബഹിഷ്കരണ ക്യാമ്പെയ്ന് നടക്കുമ്പോള്‍ തങ്ങളുടെ സിനിമ ബഹിഷ്കരിച്ചോളൂ എന്നാണ് വിജയ് പറഞ്ഞതെന്നും മനോജ് ദേശായി പറഞ്ഞിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ അഹങ്കാരം കാരണം സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗിനെ ബാധിച്ചു. അത് തങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാശത്തിന് അരികില്‍ നില്ക്കുമ്പോള് ബുദ്ധി പ്രവര്‍ത്തിക്കുകയില്ല. അതാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലതെന്നും മനോജ് ദേശായി വ്യക്തമാക്കിയിരുന്നു.