ഈ വെള്ളിയാഴ്ച്ച ദീപാവലി റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന വിജയ് ചിത്രം ബിഗിൽ വിവാദങ്ങളാലും നിയമപ്രശ്നങ്ങളാലും ചുറ്റപ്പെട്ടിരിക്കുകയാണ്. അതിനിടയിൽ ചിത്രത്തിന്റെ സുഗമമായ റിലീസിന് വേണ്ടി ‘മൺ ചോറ്’ എന്ന ചടങ്ങ് നടത്തിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരുകൂട്ടം ആരാധകർ. ഇരുപതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം ആരാധകരാണ് നാഗപട്ടിണത്തിലെ മയിലാടുതുറൈ ശ്രീ പ്രസന്ന മാരിയമ്മൻ ക്ഷേത്രത്തിൽ ഈ ചടങ്ങ് നിർവഹിച്ചത്. പ്ലേറ്റ് ഒന്നുമില്ലാതെ വെറും തറയിൽ ചോറ് വിളമ്പി അത് കഴിക്കുകയാണ് ആരാധകർ ചെയ്തിരിക്കുന്നത്.
വിജയ്യുടെ ചിത്രങ്ങൾ കൈയ്യിൽ പിടിച്ചാണ് അവർ ഭക്ഷണം കഴിച്ചത്. വാർത്തയറിഞ്ഞ പലരും സോഷ്യൽ മീഡിയയിൽ ഇവരെ കളിയാക്കിയെങ്കിലും അതൊന്നും തന്നെ അവരുടെ ആവേശത്തെ കുറക്കാൻ പര്യാപ്തമല്ല. അതെ സമയം പിന്തുണ നൽകിയവർക്ക് അവർ നന്ദി പറയുകയും ചെയ്തു. ചടങ്ങ് നിർവഹിച്ചവരിൽ പലരും ഇത് ആദ്യമായി ചെയ്യുന്നതാണ്. കൂടാതെ ഇവരിൽ പലരും അവരുടെ ആരാധ്യ പുരുഷനെ ഒരു വട്ടം പോലും നേരിൽ കാണുവാൻ സാധിക്കാത്തവരാണ്.