Tuesday, June 18

വിജയ് സൂപ്പർ.. പൗർണമിയും സൂപ്പർ… | വിജയ് സൂപ്പറും പൗർണമിയും റിവ്യൂ

Google+ Pinterest LinkedIn Tumblr +
“Lucifer”

സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കണ്ടു വരുന്ന പകരം വെക്കാനില്ലാത്ത ഒരു പ്രത്യേകതയാണ് ആ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ നമ്മുടെ ചുറ്റുമുള്ളവർ തന്നെയാണ് എന്നുള്ളത്. ആ ഒരു സവിശേഷത ഇപ്പോൾ ജിസ് ജോയ് ചിത്രങ്ങളിലും കാണാൻ സാധിക്കുന്നു. ചുണ്ടിലൊരു പുഞ്ചിരിയും നെഞ്ചിനകത്ത് സന്തോഷവുമായി സിനിമ കണ്ടിറങ്ങാൻ സാധിക്കുന്നുവെന്നത് തന്നെയാണ് ജിസ് ജോയ് ചിത്രങ്ങളുടെ പ്രത്യേകത. ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം തന്റെ മൂന്നാമത്തെ ചിത്രമായ വിജയ് സൂപ്പറും പൗർണമിയും അദ്ദേഹം ഒരുക്കിയിരിക്കുന്നത് അങ്ങനെ തന്നെയാണ്. കഴമ്പുള്ള നിരവധി സന്ദേശങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും.

Vijay Superum Pournamiyum Review

Vijay Superum Pournamiyum Review

രസകരമായ ഒരു പെണ്ണുകാണൽ ചടങ്ങിൽ നിന്നുമാണ് എല്ലാത്തിന്റെയും ആരംഭം. പെണ്ണിന്റെ മുറിയിൽ പെണ്ണിനൊപ്പം പൂട്ടപ്പെട്ടു പോകുന്ന ചെറുക്കൻ. ഇരുവരും സ്വന്തം കാര്യങ്ങൾ പങ്ക് വെക്കുന്നു. പക്ഷേ അതിലും വലിയൊരു ട്വിസ്റ്റ് പിന്നാലെ വരുന്നുണ്ട്. സൂപ്പർ ആണെന്ന് എപ്പോഴും പറഞ്ഞ് സ്വയം മോട്ടിവേറ്റ്‌ ചെയ്യുന്ന വിജയ് എന്ന ആ യുവാവിന് തന്റെ ചുറ്റുമുള്ളത് ഒന്നും തന്നെ ഓക്കെ ആയിട്ട് തോന്നുന്നില്ല. പക്ഷേ ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റത്ത് നിൽക്കുന്ന പൗർണമി എത്തുന്നതോടെ വിജയ്‌യുടെ ജീവിതം ശരിക്കും സൂപ്പറാവുകയാണ്. അതിന്റെ ദൈർഘ്യം കുറവാണെന്ന് മാത്രം. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ഒരു പുഞ്ചിരിയോട് കൂടി കണ്ടിരിക്കാവുന്ന രീതിയിൽ ഒരുക്കിയിരിക്കുകയാണ് വിജയ് സൂപ്പറും പൗർണമിയിൽ ജിസ് ജോയ്. കുറച്ച് ആലങ്കാരികമായി പറയുകയാണെങ്കിൽ ഇന്നത്തെ പല യുവാക്കളുടെയും ഒരു പ്രതിരൂപം തന്നെയാണ് വിജയ് എന്ന യുവാവ്. വേണ്ടത് ആത്മവിശ്വാസം പകരാൻ ഒരാളാണ്. അങ്ങനെ ഒരാൾ വന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടും.

Vijay Superum Pournamiyum Review

Vijay Superum Pournamiyum Review

ജിസ് ജോയ് – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകനെ സന്തോഷിപ്പിക്കുന്നതിൽ വിജയം കണ്ടെത്തിയിരിക്കുകയാണ്. വിജയ് എന്ന കഥാപാത്രത്തെ ആ റോൾ ആവശ്യപ്പെടുന്ന നിഷ്കളങ്കതയോടും മനോഹാരിതയോടും കൂടി ആസിഫ് അലി അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകന്റെ മനസ്സിൽ ഇടം പിടിക്കുന്ന ഒരു റോൾ തന്നെയാണ് വിജയ്. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെയും കൂടെ ഹിറ്റുകൾ സമ്മാനിച്ച ഐശ്വര്യ ലക്ഷ്മി വീണ്ടും ശക്തമായൊരു കഥാപാത്രം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പൗർണമി എന്ന ആ കഥാപാത്രം ഏറെ പ്രചോദനം പകരുന്നതാണ്. കൂടാതെ സിദ്ധിഖ്, രഞ്ജി പണിക്കർ, കെ പി ഏ സി ലളിത, ശാന്തി കൃഷ്ണ, ദേവൻ, ബാലു വർഗീസ്, ജോസഫ് അന്നക്കുട്ടി ജോസ് എന്നിവരും അവരുടെ കഥാപാത്രങ്ങളെ ഏറെ മനോഹരമാക്കി പ്രേക്ഷകന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർത്താൻ ഏറെ സഹായിച്ചു. യൂട്യൂബ് ക്ളീറ്റസായി ജന്മദിനത്തിൽ മലയാളികളെ വീണ്ടും ചിരിപ്പിച്ച് അജു വർഗീസും സൂപ്പറാക്കി.

Vijay Superum Pournamiyum Review

Vijay Superum Pournamiyum Review

ജിസ് ജോയ് തന്നെ ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. പ്രേക്ഷകനെ ഒരു നിമിഷം പോലും മടുപ്പിച്ചില്ല എന്നത് മാത്രമല്ല നിരവധി യാഥാർഥ്യങ്ങളെ പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ മുൻപിലേക്ക് ഇട്ടു കൊടുക്കുകയും ചെയ്യുന്നുണ്ട്. CIAക്ക് കാമറ ചലിപ്പിച്ച റെനദിവെ തന്റെ ക്യാമറക്കണ്ണുകളിലൂടെ വിജയേയും പൗർണമിയെയും സൂപ്പറാക്കി. കൂടാതെ നവാഗതനായ പ്രിൻസ് ജോർജ് ഒരുക്കിയ ഗാനങ്ങളും മനോഹരമാണ്. രതീഷ് രാജിന്റെ എഡിറ്റിംഗും മികച്ചു നിന്നു. പ്രേക്ഷകന് നിറപുഞ്ചിരി സമ്മാനിച്ച് പുതുവർഷത്തിലെ ആദ്യ ഹിറ്റിലേക്ക് കുതിക്കുന്ന വിജയും പൗർണമിയും ഡബിൾ സൂപ്പറാണ്.

“Lucifer”
Share.

About Author

Comments are closed.