മരക്കാർ സിനിമ ഫിയോക് അംഗങ്ങളുടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) പ്രസിഡന്റ് കെ വിജയകുമാർ. ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും വിജയകുമാർ വ്യക്തമാക്കി. ‘മരക്കാർ എന്ന ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കുന്നതിന് തങ്ങൾ എതിരല്ല. എന്നാൽ, ഫിയോക് അംഗങ്ങളുടെ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കില്ല. ലിബര്‍ട്ടി ബഷീറിന് ഏതു പടം വേണമെങ്കിലും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാം. ‘മരക്കാര്‍’ എന്ന പടം പ്രദര്‍ശിപ്പിക്കുന്നതിന് ആരും എതിരല്ല. ഫിയോക് അംഗങ്ങളുടെ തിയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ല എന്നേ പറഞ്ഞുള്ളൂ.’ – വിജയകുമാർ പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ സ്ഥാപനങ്ങള്‍ എല്ലാം പൂട്ടിക്കെട്ടാന്‍ പറ്റുമോയെന്ന് വിജയകുമാർ ചോദിച്ചു. ആരുടെ സിനിമ ഇല്ലെങ്കിലും തിയറ്റർ നിലനിൽക്കും. വിവാദങ്ങളിൽ വാസ്തവമില്ലെന്ന് പറഞ്ഞ വിജയകുമാർ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമം മുതലായ പടങ്ങള്‍ ഓടിയിട്ടില്ലേ എന്നു ചോദിച്ചു. ലിബര്‍ട്ടി ബഷീറിനെ പോലെയുള്ള ചിലരുടെ തിയേറ്ററുകള്‍ ‘മരക്കാര്‍’ പ്രദര്ശിപ്പിക്കുമായിരിക്കുമെന്നും മറ്റുള്ളവരുടെ കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും വിജയകുമാർ പറഞ്ഞു. അതേസമയം, സർക്കാർ തിയറ്ററുകൾ ഫിയോകുമായി സഹകരിക്കും എന്നാണ് ഷാജി എൻ കരുൺ പറഞ്ഞിട്ടുള്ളതെന്നും വിജയകുമാർ വ്യക്തമാക്കി.
‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റും നിർമാതാവുമായ ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നതിന് സംഘടനകളുടെ സമ്മതം ആവശ്യമില്ലെന്നും ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യുന്ന അതേ സമയത്ത് തന്നെ കേരളത്തിലെ നൂറിലധികം തിയറ്ററുകളിൽ മരക്കാർ പ്രദർശിപ്പിക്കുമെന്നുമായിരുന്നു ലിബർട്ടി ബഷീർ പറഞ്ഞത്. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ പ്രിയദർശനും മോഹൻലാലും ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ലിബർട്ടി ബഷീർ പറഞ്ഞിരുന്നു.