നാടകാചാര്യൻ എൻ എൻ പിള്ള മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ നിരീശ്വര വാദികളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ മകനും നടനുമായ വിജയരാഘവൻ. എന്‍.എന്‍ പിള്ള മരിക്കും വരെ ദൈവവിശ്വാസി അല്ലായിരുന്നു. അതിനാല്‍ തന്നെ മകനും നടനുമായ വിജയരാഘവനും നിരീശ്വരവാദിയാണോ എന്ന ചോദ്യം നേരിടേണ്ടി വരുന്നുണ്ട്. നിരീശ്വരവാദിയാണോ എന്നതില്‍ ഞാന്‍ കണ്‍ഫ്യൂസ്ഡാണ് എന്നാണ് വിജയരാഘവന് പറയുന്നത്.
ആ കാര്യത്തില്‍ ഞാനാകെ കണ്‍ഫ്യൂസ്ഡ് ആണ്. ‘ഭീരുക്കള്‍ ചാരുന്ന മതിലാണു ദൈവം’ എന്ന് അച്ഛന് പറയുന്നതു കേട്ടിട്ടുണ്ട്. അച്ഛന് ഭീരുവായിരുന്നില്ല. അതുെകാണ്ട് ഒരിടത്തും ചാരിയിട്ടുമില്ല. നൂറു ശതമാനം യുക്തിവാദിയാണെങ്കിലും ഈശ്വരനുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ആരോടും തര്‍ക്കിക്കുന്നതും കണ്ടിട്ടില്ല. ഞങ്ങളെ ആരെയും വിശ്വാസത്തില്‍ നിന്നു വിലക്കിയിട്ടുമില്ല.അമ്മ ദൈവവിശ്വാസിയായിരുന്നു. എന്നും വിളക്കു കത്തിക്കും. അപൂര്‍വമായെങ്കിലും അമ്പലത്തില്‍ ഉത്സവത്തിനു പോകും. ഞാന്‍ അമ്പലത്തില്‍ പോവുകയോ നാമം ജപിക്കുകയോ ചെയ്തിട്ടില്ല.
അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍ എന്നില്‍ വല്ലാതൊരു ശൂന്യത വന്നു നിറഞ്ഞു. ആകെ ഉഴലുന്ന അവസ്ഥ. അമ്മയായിരുന്നു എന്റെ എല്ലാം. ആ സമയത്ത് സുഹൃത്ത് സി.കെ. സോമനാണ് എന്നെ മൂകാംബികയിലേക്കു കൊണ്ടുപോകുന്നത്. അവിടെച്ചെന്നപ്പോള്‍ അമ്മയുടെ അടുത്തെത്തിയതു പോലെ സമാധാനം വന്നു നിറഞ്ഞു. ഇന്നും അമ്മയുടെ സാമീപ്യമറിയണമെന്നു തോന്നുമ്പോള്‍ കൊല്ലൂര്‍ക്ക് പോകും. തൊഴുത് പ്രാര്‍ഥിക്കലൊന്നുമില്ല. അമ്മയെ വട്ടം ചുറ്റി നടക്കുന്ന കുട്ടിയെപ്പോലെ വെറുതെ അവിടെ ചുറ്റിനടക്കും. ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ എവിടെയോ ദുര്‍ബലനാണ് ഞാന്‍.