കൗശലവും സാമർഥ്യവും കുരുട്ടുബുദ്ധിയും കൂട്ടിച്ചേർത്ത് തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുന്ന ആളുകളെ വിശേഷിപ്പിക്കുന്ന പേരാണ് വികടകുമാരൻ. ബുദ്ധികൂർമത കൊണ്ട് സുപ്രീം കോടതിയിൽ വാദിക്കണം എന്ന തന്റെ ലക്ഷ്യം മുൻനിർത്തി ഏറെ കുറുക്കുവഴികൾ തേടുന്നതിനോടൊപ്പം തന്റെ കേസിലുള്ള വാദങ്ങളിലൂടെ നാവിലെ വികടസരസ്വതി വിളയാടുമ്പോൾ അത് ചിലപ്പോഴൊക്കെ തനിക്കുതന്നെ പാരയാകുന്ന ഒരു സാധാരണക്കാരനായ വക്കീലിന്റെ കഥയാണ് വികടകുമാരൻ എന്ന സിനിമ. ഒരു മജിസ്ട്രേറ്റ് കോടതി പരിസരത്തിൽ ഒതുങ്ങിക്കൂടാതെ ഉയരങ്ങൾ സ്വപ്നം കാണുന്ന നായകന്റെ പരിശ്രമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കൗശലവും സാമർഥ്യവും ഒട്ടും കുറയാതെ കാണിച്ചിരിക്കുന്ന സിനിമക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെയാണ് വികടകുമാരൻ. കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സംവിധായകൻ ബോബൻ സാമുവേൽ ഒരുക്കുന്ന ചിത്രമാണ് വികടകുമാരൻ. വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ കാറ്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മാനസ രാധാകൃഷ്ണനാണു നായിക. വിഷ്ണു ഉണ്ണികൃഷ്ണൻ – ധർമജൻ കോംബിനേഷനാണു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. നാല് വർഷം മുന്പ് റിലീസ് ചെയ്ത് ബോക്സ് ഓഫീസില് വമ്പന് വിജയം നേടിയ കുഞ്ചാക്കോ ബോബൻ – ബിജു മേനോൻ ചിത്രമായ റോമൻസിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയില് ആ അണിയറയിലെ ടീം ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
![Vikadakumaran Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/03/Vikadakumaran-Review-1.jpg?resize=788%2C358&ssl=1)
തമിഴ്നാട്ടിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിൽ ആകസ്മികമായി നടക്കുന്ന ഒരു സാമൂഹിക വിപത്തിനെ ചൂണ്ടി കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. തന്റെ ജോലി കൃത്യതയോടെയും സത്യസന്ധതയോടും ചെയ്യുന്ന ഹോം ഗാർഡിന് സംഭവിക്കുന്ന ഒരു അപകടത്തെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളും അന്വേഷണങ്ങളും തുടർന്ന് ഈ കേസ് ബിനു വക്കീൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട് വാദം ഏറ്റെടുക്കുകയും ചെയുന്നതിലൂടെയാണ് കഥയുടെ വഴിത്തിരിവ്. ഈ കേസിനോടൊപ്പം തമിഴ്നാട്ടിൽ നടന്ന കേസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ആദ്യപകുതിയിൽ പ്രേക്ഷകന് അതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാനോ അറിയാനോ സാധിക്കുന്നില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു അപ്രതീക്ഷിത ട്വിസ്റ്റോടെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സിനിമക്ക് കഴിയുന്നുണ്ട് . രണ്ടാം പകുതിയിൽ കൊമേഡി രംഗങ്ങളിൽ നിന്നും തീർത്തും വിഭിന്നമായി സീരിയസ് ടോണിലേക്കു കയറുന്ന സിനിമ ഒരുപാട് കഥാതന്തുക്കൾ ചർച്ച ചെയ്തുപോകുന്നുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ വാദി ഭാഗത്തുനിന്നും പ്രതി ഭാഗത്തിലേക്കു കടക്കുന്ന ബിനു വക്കീലിന്റെ കൂറുമാറ്റം ഏറെ ചർച്ച ചെയ്യുന്നു. എങ്കിലും നായകനെന്തിന് ഇങ്ങനൊക്കെ ചെയ്യുന്നു എന്നൊരു ചോദ്യം ഉയരുന്നുണ്ട്. കഥ പരിസമാപ്തിയിലേക്കെത്തുമ്പോൾ തീർത്തും വ്യത്യസ്തമായ ട്വിസ്റ്റ് നൽകിക്കൊണ്ട് പ്രേക്ഷകരുടെ ആകാംക്ഷകൾക്കും ആശങ്കകൾക്കും പരിസമാപ്തി കുരിക്കുന്നു. കുറ്റം ചെയ്യുന്നത് ആരായാലും ശിക്ഷിക്കപ്പെടുകതന്നെ വേണം എന്നുള്ള വസ്തുത പൂർണമാക്കാൻ സാധിക്കുന്നതാണ് കഥയുടെ വിജയം.
![Vikadakumaran Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/03/Vikadakumaran-Review-3.jpg?resize=788%2C525&ssl=1)
വക്കീൽ വേഷങ്ങൾ മലയാള സിനിമയിൽ ഏറെ സുപരിചിതമായത് മമ്മുട്ടി എന്ന നടനിലൂടെയാണ്.ഒരു അഭിഭാഷകന്റെ ഡയറികുറിപ്പ്, നരസിംഹം,ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വക്കീൽ വേഷങ്ങൾ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. അടുത്ത സമയത്തിറങ്ങിയ ക്വീൻ എന്ന മലയാള സിനിമയിലെ വക്കീൽ വേഷത്തിലൂടെ സലിം കുമാറും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ കൈകാര്യം ചെയ്യുന്ന ബിനു സെബാസ്റ്റ്യൻ ചൂരേഴൻ എന്നാ വക്കീൽ കഥാപാത്രം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു മജിസ്ട്രേറ്റ് കോർട്ടാണു മുഖ്യ കഥാപശ്ചാത്തലം. സുപ്രീം കോടതിയിലൊക്കെ പോയി വാദിക്കണം എന്നതാണ് ബിനു സെബാസ്റ്റ്യൻ ചൂരേഴന്റെ ലക്ഷ്യം. അത്രയും തീവ്രമായ മോഹങ്ങളുള്ള ഒരു അഡ്വക്കേറ്റാണ് ഇദ്ദേഹം. അതിനുവേണ്ടി ഏറെ കുറുക്കുവഴികൾ തേടുന്നതുകൊണ്ടും ലൊട്ടുലൊടുക്കു സംഭവങ്ങളിലൊക്കെ കേസ് മാറ്റിമറിച്ചു തന്റെ വശത്താക്കി വാദിക്കാനുള്ള അയാളുടെ ബുദ്ധികൂർമത കൊണ്ടുമാണ് സിനിമയ്ക്കു വികടകുമാരൻ എന്നു ടൈറ്റിൽ വന്നത്. ചൂരേഴനൊരു ഇഷ്ടമുണ്ട്. ആ പെണ്ണിന്റെയടുത്തുപോലും അതു തുറന്നു സംസാരിക്കാൻ പേടിയാണ്. ‘എട്ടാം ക്ലാസ് മുതൽ പ്രേമിക്കുന്ന പെണ്ണിനോട് ആ ഇഷ്ടം തുറന്നുപറയാൻ ധൈര്യമില്ലാത്ത നീ എങ്ങനെയാണ് സുപ്രീംകോടതിയിൽപോയി വാദിക്കുന്ന’തെന്ന് അയാളുടെ പെങ്ങൾ പോലും പറയുന്നുണ്ട്. അയാൾക്ക് അമ്മയും ഒരു ചേച്ചിയുമാണുള്ളത്. തേങ്ങാമോഷണം പോലെ ചെറിയ ചെറിയ കേസുകൾ മാത്രമുള്ള ഒരു മജിസ്ട്രേട്ട് കോർട്ട്. ആ കോടതിയുടെ പരിധിയിൽപ്പെട്ട പ്രദേശത്ത് ഒരു വലിയ കേസ് ഉണ്ടാവുകയും അത് ഇവരുടെ ഈ ചെറിയ കോടതിക്കും അവിടത്തെ ചെറിയ വക്കീലന്മാർക്കും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ സിനിമയിൽ പറയുന്നത്.
![Vikadakumaran Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/03/Vikadakumaran-Review-2.jpg?resize=788%2C358&ssl=1)
കട്ടപ്പനയിലെ ഋതിക് റോഷനിലൂടെ നായകവേഷങ്ങളിലേക്ക് കടന്നുവന്ന വിഷ്ണു ഉണ്ണികൃഷ്ണൻ ഇത്തവണയും പ്രേഷകരെ നിരാശരാക്കിയില്ല എന്നുതന്നെ പറയാം. കഥാപാത്രത്തിന് യോജിച്ചരീതിയിലുള്ള സംഭാഷണ രീതിയിലൂടെയും അഭിനയത്തിലൂടെയും തന്റെ അഭിനയത്തിന്റെ ഒരു പടി കൂടി ഉയരുവാൻ വിഷ്ണു ഉണ്ണികൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. അമ്മയായി സീമ ജി.നായരും ചേച്ചിയായി ദേവിക നമ്പ്യാരും വേഷമിട്ടിരിക്കുന്നു. അതിനോടൊപ്പം ഏറ്റവും എടുത്തു പറയേണ്ട കഥാപാത്രമാണ് ധര്മജന്റേത്. മണികണ്ഠൻ എന്ന ഗുമസ്തനായാണ്. ചെറിയ കോടതിയായതിനാൽ അവിടത്തെ എല്ലാ വക്കീലന്മാർക്കും കൂടി ആകെയൊരു ഗുമസ്തനേയുള്ളൂ അതാണ് ഈ മണികണ്ഠൻ. അഡ്വക്കേറ്റും ഗുമസ്തനും തമ്മിലുള്ള ബന്ധവും അവർ തമ്മിലുള്ള സൗഹൃദവുമൊക്കെയാണ് ഇതിൽ വരുന്നത്. ഇവർ ഒരുമിച്ചു മജിസ്ട്രേറ്റിനെ ചാക്കിടാൻ വേണ്ടി പോകുന്നതുൾപ്പെടെ കുറേ നല്ല എലമെന്റ്സ് ഉൾപ്പെടുന്ന ഹ്യൂമർ സീക്വൻസുകളൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിക്കും. ഇന്ദ്രൻസും തന്നിലേൽപിച്ച വേഷം മികച്ചതാക്കി എന്നുതന്നെ പറയാം. വളരെ ഹൃദയസ്പർശിയായ ഒരു കഥാപാത്രമാണത്.
ഹ്യൂമർ, സസ്പെൻസ്, ത്രില്ലർ എന്നീ എലെമെന്റ്സ് ഒത്തിണങ്ങിയ കുടുംബപ്രേക്ഷകർക്കു ആസ്വദിക്കാൻ കഴിയുന്ന നല്ലൊന്നാന്തരമൊരു എന്റെർടൈനറാണ് വികടകുമാരൻ.