ഗ്യാങ്സ്റ്ററും പോലീസ് ഓഫീസറും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ തമിഴ് ചിത്രം വിക്രം വേദക്ക് ഇന്നും ഭാഷാഭേദമന്യേന ആരാധകരാണ് ഉള്ളത്. 2017ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പുഷ്കർ ഗായത്രിയും നിർമ്മാണം നിർവഹിച്ചത് വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ശശികാന്താണ്. മാധവനും വിജയ് സേതുപതിയുമാണ് നായകരായെത്തിയത്. ശ്രദ്ധ ശ്രീനാഥ്, വരലക്ഷ്മി ശരത്കുമാർ, മണികണ്ഠൻ, വിവേക് പ്രസന്ന, പ്രേംകുമാർ, ഹരീഷ് പേരടി, കതിർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
വിക്രം വേദയുടെ ഹിന്ദി റീമേക്കിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഹിന്ദിയിലും നിർമ്മാണം ശശികാന്തും സംവിധാനം പുഷ്ക്കർ ഗായത്രിയുമാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ പേരും വിക്രം വേദ എന്ന് തന്നെയാണ്. വേദയായി ഹൃതിക് റോഷൻ എത്തുമ്പോൾ വിക്രമാകുന്നത് സൈഫ് അലി ഖാനാണ്. ശ്രദ്ധ ശ്രീനാഥിന്റെ റോൾ രാധിക ആപ്തെയും കതിരിന്റെ റോൾ രോഹിത് ഷറഫും ചെയ്യുന്നു.
ഹൃതിക് റോഷന്റെ അവസാനമായി തീയറ്ററുകളിൽ എത്തിയ വാർ എന്ന ചിത്രം ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് നേടിയിരുന്നു. പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് ഹൃതികും സൈഫും വീണ്ടും ഒന്നിക്കുന്നത്. നാ തും ജാനോ നാ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. യു എ ഈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ഒരു മാസത്തെ ഷൂട്ടിന് ശേഷം ഇന്ത്യയിലാണ് ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുക. സെപ്റ്റംബർ 22. 2022നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
വിക്രം വേദക്ക് ശേഷം ഫൈറ്റർ എന്ന ചിത്രത്തിലാണ് ഹൃതിക് അഭിനയിക്കുക. ഫൈറ്ററിലൂടെ ഹൃതികും ദീപിക പദുകോണും ആദ്യമായി ഒന്നിക്കുകയാണ്. ഇത് കൂടാതെ സൂപ്പർഹീറോ ചിത്രം കൃഷിന്റെ നാലാം ഭാഗവും നിതേഷ് തിവാരിയുടെ രാമായണയും ഹൃതിക്കിന്റെ ലിസ്റ്റിലുണ്ട്.