അന്തരിച്ച സംവിധായകന് സച്ചിയുടെ സ്വപ്നചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. ജി ആര് ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാവുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാര്‍ ആണ്. നേരത്തെ തീരുമാനിച്ചിരുന്ന പ്രോജക്ട് ‘അയ്യപ്പനും കോശിയും’ റിലീസിന്റെ ഒന്നാംവാര്‍ഷിക ദിനത്തിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററിനൊപ്പമാണ് പൃഥ്വിയുടെ പ്രഖ്യാപനം. ‘സച്ചിയുടെ സ്വപ്നമാണിത്, സഹോദരാ, താങ്കള്‍ക്കായി സമര്‍പ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടു കൂടിയാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചത്.
ജി ആര് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ ‘പകിട’ എന്ന സിനിമയ്ക്കു തിരക്കഥ ഒരുക്കിയ ആളാണ് രാജേഷ്. ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ജോമോന് ടി ജോണ്‍. എഡിറ്റിംഗ് മഹേഷ് നാരായണന്. സംഗീതം ജേക്സ് ബിജോയ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.