മൃദുല ശശിധരൻ എന്ന ദളിത് പ്രവർത്തകയെ വിനായകൻ ഫോണിലൂടെ വിളിച്ച് അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ നടത്തി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായ ഒന്നാണ്. സംഭവത്തിൽ വിനായകൻ തന്നെ പോലീസ് സ്റ്റേഷനിലെത്തി ജാമ്യം നേടിയെടുക്കുകയായിരുന്നു. വിനായകനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിനായകൻ ഇപ്പോൾ.
‘ഞാൻ ദളിതനല്ല. ഞാൻ പുലയനാണ്. കാളിവിശ്വാസിയായ പുലയനാണ്. ഞാൻ ഇങ്ങനെ പറഞ്ഞുവെന്ന് നിങ്ങൾക്ക് എഴുതാൻ ധൈര്യമുണ്ടോ? ഞാൻ ദളിതുമല്ല ഹിന്ദുവുമല്ല. എന്റെ കാളി എന്ന് പറയുന്നത് ഡിസാസ്റ്ററാണ്. ഞാൻ അത് കൊണ്ടാണ് സംഘപരിവാറിന് മറുപടിയായി ഫെയ്സ്ബുക്കിൽ ആ ചിത്രമിട്ടത്. പുലയനായ എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഞാൻ ഒറ്റയ്ക്ക് അത് നേരിട്ടു. അപ്പോ ‘ഇവര്’ എന്നെ പെടുത്താനാണ് നോക്കിയത്. ബട്ട് ഐ ഡോണ്ട് കെയർ. സംഘപരിവാറുമായി പ്രശ്നമുണ്ടായപ്പോൾ മുസ്ലിം സമുദായം എന്നോടൊപ്പം നിന്നു. പ്രത്യേകിച്ച് ജമാഅത്ത് പോലെയുള്ള സംഘടനകളിൽ ഉള്ളവർ. സംഘപരിവാർ ഡെഡ്ലി ക്രിമിനൽസാണ്’- വിനായകൻ പറഞ്ഞു.
പരാതി കൊടുത്ത സ്ത്രീയെ അറിയില്ല എന്ന് പറഞ്ഞു കൊണ്ട് വിനായകൻ തനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ എല്ലാം പാടെ നിഷേധിച്ചു. ജീവിതത്തിൽ ഇതുവരെ താൻ ഒരു സ്ത്രീയോടും മോശമായ രീതിയിൽ പെരുമാറിയിട്ടില്ലെന്നും ഫോൺ സംഭാഷണം പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.