അഭിനേതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ വിജയകിരീടം ചൂടിയ താരമാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ അഭിനയിക്കുന്ന ഹൃദയം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ 50% ഷൂട്ട് ചെയ്തപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ചിത്രത്തിൽ ഇനി ഷൂട്ട് ചെയ്യാനുള്ളത് ഔട്ട്ഡോർ രംഗങ്ങൾ ആണെന്നും അതിൽ കൂടുതൽ ആളുകൾ വേണമെന്നും വിനീത് പറയുന്നു. ഈ സാഹചര്യത്തിൽ അത് ഷൂട്ട് ചെയ്യാൻ സാധിക്കാത്തത് കൊണ്ട് അതിനായി വെയിറ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു. കൊറോണ കാലം കഴിഞ്ഞതിനു ശേഷമുള്ള സിനിമയുടെ ഭാവിയെ പറ്റിയും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറയുന്നുണ്ട്.
“ചെറിയ ബഡ്ജറ്റിൽ മികച്ച ചിത്രങ്ങൾ ഒരുക്കാനുള്ള കഴിവ് മലയാള സിനിമയുടെ എക്കാലത്തേയും പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ സിനിമ മുന്നോട്ട് പോവുക തന്നെ ചെയ്യും. മാത്രമല്ല മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2, ദുൽഖർ സൽമാൻ നായകനായ ശ്രീനാഥ് രാജേന്ദ്രൻ ചിത്രം കുറുപ്പ് എന്നിവയെത്തുന്നതോടെ തീയേറ്ററുകളിലേക്കു പ്രേക്ഷകർ മടങ്ങിയെത്തും. സാഹചര്യം സുരക്ഷിതമാണെന്ന് തോന്നുമ്പോൾ മാത്രമേ ഈ ചിത്രങ്ങൾ എത്തുകയുള്ളൂ എന്നത് കൊണ്ട് തന്നെ ഇവ കാണാൻ പ്രേക്ഷകർ എത്തുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.” വിനീത് പറയുന്നു.