പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് ഹൃദയം. ജനുവരി 21ന് ആയിരുന്നു ഹൃദയം തിയറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോൾ പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രണവ് വളരെ സിംപിളായിട്ടുള്ള മനുഷ്യനാണെന്നും ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാളാണ് പ്രണവെന്നും വിനീത് പറഞ്ഞു.
നല്ല വായനയുള്ളതു കൊണ്ടും ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും ചെയ്യുന്നത് കൊണ്ട് ജീവിതത്തെ മറ്റൊരു തലത്തിൽ കാണുന്നയാളാണ് പ്രണവ്. സിനിമയിൽ അഭിനയിക്കുന്നില്ലായിരുന്നുവെങ്കിൽ അവൻ നമ്മുടെ അടുത്തുവന്ന് നിന്നാൽ പോലും നമ്മൾ ശ്രദ്ധിക്കില്ല. കാരണം, ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ പെരുമാറുകയോ ജീവിക്കുകയോ ചെയ്യുന്ന ഒരാളല്ല പ്രണവെന്നും വിനീത് പറഞ്ഞു.
ലളിതമായി ജീവിക്കുന്നതും അങ്ങനെ മുന്നോട്ടു പോകുന്നതും അയാളുടെ രീതിയാണെന്ന് തോന്നിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന ഒരാളാണ്. ഒരു മലയുടെ മുകളിൽ ഷൂട്ട് കഴിഞ്ഞ് വന്നാൽ അവിടെ ആൾക്കാർ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ എടുത്ത് വൃത്തിയാക്കുന്ന പ്രണവിനെ കാണാവുന്നതാണ്. അവന്റെ ലഗേജ് മറ്റൊരാളും എടുക്കാൻ അനുവദിക്കില്ല. അങ്ങനെ ഒത്തിരിയേറെ പ്രത്യേകതകളുണ്ട് പ്രണവിനെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.