പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ ഹൃദയം തിയറ്ററുകളിലും ഒടിടിയിലും മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. തിയറ്ററിൽ ചിത്രം റിലീസ് ആയ സമയത്ത് സോഷ്യൽമീഡിയ നിറയെ ചർച്ചയായത് ഹൃദയം ആയിരുന്നു. പിന്നീട് ഒടിടിയിൽ റിലീസ് ചെയ്ത സമയത്തും ഹൃദയം ചർച്ചയായി. സംവിധായകനും നിർമാതാവും സിനിമയിലെ മറ്റു താരങ്ങളും ഉൾപ്പെടെ മിക്കവരും മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ നായകനായ പ്രണവ് മോഹൻലാൽ മാധ്യമങ്ങളിൽ നിന്ന് അകന്നു നിന്നു. അതുകൊണ്ടു തന്നെ പ്രണവിനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. ഇപ്പോൾ വീണ്ടും പ്രണവ് മോഹൻലാലിനെക്കുറിച്ച് വാചാലനാകുകയാണ് വിനീത് ശ്രീനിവാസൻ.
ഹൃദയം എഴുതുന്ന സമയത്ത് നായകരായി പലരും മനസിൽ വന്നുപോയെന്നും അവരെല്ലാം ഒരു ക്യാംപസ് ചിത്രം ചെയ്തിട്ടുള്ളവർ ആയിരുന്നെന്നും അങ്ങനെയാണ് താൻ പ്രണവിലേക്ക് എത്തിയതെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കുന്നു. സിനിമയിൽ അല്ലാതെ ജീവിതത്തിൽ കാണുന്ന പ്രണവിനെയാണ് താൻ കൂടുതലും ശ്രദ്ധിച്ചിരുന്നതെന്നും അയാളുടെ മനോഹരമായ ചിരിയും കണ്ണുകളിലെ തിളക്കവും താൻ ശ്രദ്ധിച്ചിരുന്നെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. ആ പ്രണവിനെ കിട്ടിയാൽ നന്നാകും എന്നെനിക്ക് തോന്നി. നമ്മൾ സൃഷ്ടിക്കുന്ന കഥാപാത്രത്തിന് നടന്റെ സ്വഭാവവിശേഷങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ സംഗതി എളുപ്പമായി. തന്റെ രീതി അതാണെന്നും കഥാപാത്രമാകാൻ വേണ്ടി നടന്മാരെ പതം വരുത്താറില്ലെന്നും വിനീത് പറഞ്ഞു.
ആൾക്കൂട്ടത്തിൽ ഒരാളാകുന്ന ആളാണ് പ്രണവ് മോഹൻലാൽ എന്ന് വിനീത് പറയുന്നു. തനിക്ക് ചുറ്റും എല്ലാവരും നിൽക്കണമെന്ന് ആഗ്രഹിക്കാറില്ല. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ഒന്നും ചെയ്യാറില്ലെന്നും പുള്ളി ഇല്ലാത്ത സീനുകളിൽ പ്രണവ് ചിലപ്പോൾ ആൾക്കൂട്ടത്തിന് ഇടയിൽ ആയിരിക്കുമെന്നും വിനീത് പറഞ്ഞു. ക്യാമറക്കണ്ണിലൂടെ നോക്കുമ്പോൾ ലാലേട്ടൻ തന്നെയല്ലേ വരുന്നത് എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ചില സീനുകളിൽ പ്രണവിന്റെ കണ്ണുകൾ തീക്ഷ്ണമാകുമ്പോൾ പേടി തോന്നുമെന്നും വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞു.