പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് വിപ്ലവം എല്ലായ്പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ ഇന്നലെ പ്രതികരിച്ചിരുന്നു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ ചിത്രങ്ങള്‍ പൃഥ്വി ഫേസ്ബുക്കിലും ട്വിറ്ററിലും റൈസ് എന്ന ഹാഷ്ടാഗോടെ അദ്ദേഹം പങ്കുവെയ്ക്കുകയുണ്ടായി. പൗരത്വനിയമത്തിനും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ഡല്‍ഹി പൊലീസ് നടപടിക്കുമെതിരെ രംഗത്തെത്തിയ ടോവിനോ തോമസ് അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് പറഞ്ഞു. ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകുമെന്നും ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചു.
ഇപ്പോൾ വിനീത് ശ്രീനിവാസനും ഇതിന് സമാനമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഈ വിഷയത്തിൽ.
‘
നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ സഹോദരന്മാരും സഹോദരിമാരുമാണ്. നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ഞങ്ങളില്‍ നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ. പോകുമ്പോള്‍ നിങ്ങളുടെ എല്ലാ ബില്ലുകളും എടുത്തുകൊള്ളൂ, എന്‍ആര്‍സി അടക്കമുള്ളവ.
’വിനീത് ഫേസ്ബുക്കിൽ കുറിച്ചു.
നടി അമല പോളും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പൊലീസ് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത്, മലയാളി വിദ്യാര്‍ത്ഥിനികള്‍ തടയുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസാക്കി. അയഷ റെന്ന പൊലീസിന് നേരെ കൈ ചൂണ്ടുന്ന ചിത്രത്തിനൊപ്പം ‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ എന്ന വരികളുമുണ്ട്. പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ നിശ്ശബ്ദത പാലിക്കുകയാണെന്ന വിമര്‍ശനമുയര്‍ന്നിരുന്ന സമയത്താണ് അമലാപോൾ രംഗത്തെത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാർവതിയുടെതായിരുന്നു.