ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു രാത്രിയുടെ വിശേഷങ്ങൾ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ. സംവിധായകൻ പ്രിയദർശൻ സിനിമ കാണാൻ എത്തിയതിന്റെ സന്തോഷമാണ് വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രിയദർശന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ‘എ മില്യൺ ഡോളർ പിക്’ എന്നാണ് വിനീത് കുറിച്ചത്. ഹൃദയം സിനിമ കാണാൻ പ്രിയദർശൻ എത്തിയപ്പോൾ ആയിരുന്നു ഈ ചിത്രം പകർത്തിയത്. ഈ രാത്രി ഒരിക്കലും മറക്കാൻ കഴിയില്ലെന്നും വിനീത് കുറിച്ചു. ദൈവത്തിന് നന്ദി പറയുകയും ചെയ്തു താരം.
പ്രിയദർശന് ഒപ്പമുള്ള ചിത്രം ഒരു ചെറു കുറിപ്പോടെയാണ് താരം പങ്കുവെച്ചത്. ‘ഒരു മില്യൺ ഡോളർ പിക്. അദ്ദേഹം ഇന്ന് ഹൃദയം സിനിമ കാണാൻ എത്തിയപ്പോൾ പകർത്തിയത്. ഈ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. ഈ ജീവിതത്തിനും ഞാൻ ഇപ്പോൾ ആയിരിക്കുന്ന ഈ മനോഹരമായ പ്രൊഫഷനും ദൈവത്തിന് നന്ദി’ – ഭാര്യ ദിവ്യ വിനീത് പകർത്തിയ ചിത്രം പങ്കുവെച്ച് കൊണ്ട് വിനീത് കുറിച്ചു.
ജനുവരി 21ന് ആയിരുന്നു ഹൃദയം സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്തത്. മലയാളസിനിമയിലെ ഒരു കാലത്തെ സൂപ്പർഹിറ്റ് കൂട്ടുകെട്ട് ആയിരുന്നു മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ. ഇവരുടെയെല്ലാം മക്കൾ ഒരുമിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകതയോടെയാണ് ഹൃദയം എത്തിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ആയിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്.