താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
ഹൃദയം ആലോചിക്കുന്ന സമയത്ത് ദുല്‍ഖര്‍, നിവിന്‍ പോളി, ആസിഫ് അലി ഇങ്ങനെ പലരും മനസില്‍ വന്നിരുന്നു. ഇവരെല്ലാവരും ക്യാംപസ് സിനിമകള്‍ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അപ്പുവിന്റെ മുഖം മനസിലേക്ക് വരുന്നത്. സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അപ്പുവിനെ വച്ച് ഈ സിനിമ ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നു. ലാല്‍ അങ്കിളിന്റെ എറണാകുളത്തെ വീട്ടില്‍ വച്ചാണ് അപ്പുവിനോട് കഥ പറയുന്നത്. കഥ കേട്ടതിനു ശേഷം തനിക്ക് ഒരു ദിവസം സമയം തരുമോയെന്നു അപ്പു ചോദിച്ചു. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തങ്ങള്‍ സംസാരിച്ചു. തന്റെ ഭാഗത്തു നിന്നും ഓക്കെയാണെന്ന് അവന് പറഞ്ഞു.
”എന്റെ ഭാഗത്തുനിന്നു ഓക്കെയാണ്. വിനീതിന് എന്നെക്കാള്‍ നല്ല നടന്മാരെ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെയൊരു പ്ലാന്‍ ഉണ്ടെങ്കില്‍ അപ്പുവിന്റെ അടുത്ത് വരുമോയെന്ന് താന്‍ ചോദിച്ചു. അങ്ങനെ സംസാരിക്കുന്ന വേറെ നടന്മാരുണ്ടെന്ന് തോന്നുന്നില്ല. പല ആള്‍ക്കാരും ഓരോ ആള്‍ക്കാരുടെ അടുത്തും ഓരോ രീതിയിലാണ് സംസാരിക്കുന്നത്. അപ്പു അങ്ങനെ ഒരാളല്ല. അവന് സ്കില്‍ഡ് ആയിട്ടുള്ള ആള്‍ക്കാരോട് ഭയങ്കര ബഹുമാനമാണ്. ഊട്ടിയില്‍ ഷൂട്ട് കഴിഞ്ഞിട്ട് അപ്പുവിന്റെ വീട്ടിലാണ് താമസിച്ചത്. അവിടെ ഒരു തോട്ടക്കാരനുണ്ട്. താന്‍ അവനോട് ഇത് കഴിഞ്ഞിട്ട് എങ്ങോട്ടാണ് യാത്ര, ഹിമാലയത്തിലേക്ക് ആണോയെന്നു ചോദിച്ചു. ഇല്ല, ”ഞാന്‍ ഇവിടെ തിരിച്ചു വന്നാലോയെന്നു ആലോചിക്കുകയാണ്. ആ ചേട്ടനെ കണ്ടോ, പുള്ളി ഗാര്‍ഡനിങ് നന്നായി ചെയ്യുന്നുണ്ട്. എനിക്ക് ആ ചേട്ടനോടൊപ്പം നിന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്”
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനം ഇപ്പോഴും ട്രെൻഡിങ്ങ് ലിസ്റ്റിൽ മുൻപന്തിയിലാണ്. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ എന്നിവരാണ് ‘ദർശന’ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസനാണ്. ഹെഷം അബ്ദുൾ വഹാബാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ജനുവരി 21ന് ചിത്രം തീയറ്ററുകളിലെത്തും.