രാജ്യമൊട്ടാകെ ലോക്ക് ഡൗണിലൂടെ കടന്നുപോകുന്ന, ഏറ്റവും ദുർഘടമായ ഈ അവസരത്തിൽ ഷൂട്ടിംങ്ങുകൾ എല്ലാം നിർത്തി താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. തങ്ങൾ സമയം എങ്ങനെ ചിലവഴിക്കും എന്ന് പങ്കുവെച്ചുകൊണ്ട് നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ചിലർ ശരീരം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും ചിലർ വീട്ടുജോലികൾ ചെയ്യുന്ന ചിത്രങ്ങളും ചിലർ നൃത്തം ചെയ്ത് സമയം ചിലവഴിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാൽ തെരുവിലലയുന്നവർക്ക് സാന്ത്വനം നൽകുകയാണ് നടൻ വിനു മോഹനും ഭാര്യ വിദ്യയും.
മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഇരുവരും അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തത്. ജഡക്കെട്ടിയ മുടിയും മുഷിഞ്ഞ വേഷവും ഒരു മുറി ബീഡിയുമായി അലഞ്ഞ നിരവധി വ്യക്തികളെ ആണ് അവർ കണ്ടെത്തിയത്. തെരുവോരം പ്രവർത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളിൽ നിന്ന് ആയിരത്തിലധികം പേരെയാണ് സുരക്ഷിത സ്ഥലങ്ങളിൽ അവർ എത്തിച്ചത്.
ഇപ്പോൾ താരത്തിന്റെ പിറന്നാൾ തെരുവിൽ ആഘോഷിച്ചിരിക്കുകയാണ് എല്ലാവരും ചേർന്ന്. സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഒരു താരത്തിന്റെ പകിട്ടോടെയുള്ള പിറന്നാൾ ആഘോഷം ഇത്തവണ വിനു മോഹൻ നടത്തിയില്ല.