സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന ചോട്ടു എന്ന നായയെ പൊട്ടക്കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചോട്ടുവിനെ കാണാതായത്. വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ചോട്ടുവിന്റെ ജഡം കണ്ടെത്തിയത്.
കൊല്ലം വെളിനല്ലൂര്‍ സ്വദേശി ദിലീപ് കുമാറിന്റെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്പ്പെട്ടതാണ്ചോട്ടു എന്ന നായ. ഇന്ന് ഉച്ചയോടെയാണ് വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ നിന്ന് ചോട്ടുവിന്റെ ജഡം കണ്ടെത്തിയത്. ചോട്ടുവിനെ കാണാതായെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നായയെ മോഷ്ടിച്ചതാകാമെന്ന സംശയത്തിലായിരുന്നു പൊലീസ്. ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും.
മലയാളത്തിലെ ഒട്ടുമിക്ക വാക്കുകളും തിരിച്ചറിഞ്ഞും വീട്ടിലെ ജോലികള്‍ ചെയ്തുമാണ് ചോട്ടു സോഷ്യല്‍ മീഡിയയില്‍ താരമായത്. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ദിലീപ് കുമാര്‍ ചോട്ടുവിനെ കണ്ടിരുന്നത്. പുലര്‍ച്ചെ വീട്ടില്‍ പത്രമെത്തിയാല്‍ എടുത്ത് നല്കുന്നതു മുതല്‍ വളര്‍ത്തു മൃഗങ്ങളായ ആടിനും കോഴിക്കുമെല്ലാം സംരക്ഷകനായിരുന്നു ചോട്ടു. ദിലീപ് കുമാറും ചോട്ടുവും തമ്മിലുള്ള ബന്ധം നാട്ടിലുള്ളവര്‍ക്കു കൗതുകമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക വാക്കുകളും മനപ്പാഠമാക്കിയ ചോട്ടു സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മൂന്നരവര്‍ഷം മുമ്പ് 2000 രൂപയ്ക്കാണ് ദിലീപ് കുമാറിന്റെ മകന് നായയെ സ്വന്തമാക്കിയത്. ചോട്ടുവിന്റെ പേരില്‍ ഒരു യൂടൂബ് ചാനലും ദിലീപ് കുമാര്‍ ആരംഭിച്ചിരുന്നു.