അച്ഛനെ അനാഥാലയത്തില്‍ ഉപേക്ഷിച്ച് മടങ്ങുന്ന മകനെന്ന പേരില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ മകനെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചര്‍ച്ചകളാണ് നടന്നത്. എന്നാല്‍ അതൊന്നുമല്ല സത്യന്ന് പറയുകയാണ് അത് പോസ്റ്റ് ചെയ്ത ബത് സേഥായുടെ നടത്തിപ്പുകാരന് ഫാ. സന്തോഷ്. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണിനടുത്തു പുന്നകുന്നിലാണ് അനാഥര്‍ക്കും നിര്‍ധനരായ രോഗികള്‍ക്കുമുള്ള ആശ്രയകേന്ദ്രമായ ബത് സേഥാ സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയാണ് വയോധികന്. അദ്ദേഹത്തിന്റെ മകന് തൃശൂര്‍ ജില്ലയുടെ ഉള്‍പ്രദേശത്തെവിടെയോ വനമേഖലയ്ക്കടുത്ത് ടാപ്പിങ് ജോലിയാണ്. ഭാര്യ കുറച്ചു കാലമായി പിണങ്ങി വേറേ താമസിക്കുകയാണ്. കാട്ടിലേക്കു പിതാവിനെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടു കാരണം വീട്ടില്‍ ഒറ്റയ്ക്കാക്കിയാണ് മുന്‍പ് മകന് ജോലിക്കു പോയിരുന്നത്. എന്നാല്‍ ഇദ്ദേഹം തനിച്ചാണെന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് തന്നെ വിളിച്ചു ചോദിച്ച് അദ്ദേഹത്തെ ബത് സേഥായില്‍ എത്തിക്കുകയായിരുന്നെന്നും ഫാ. സന്തോഷ് പറഞ്ഞു.
അച്ഛനെ അനാഥാലയത്തിലാക്കുന്നതില് കടുത്ത വിഷമത്തോടെ തന്നെയാണ് ആ മകന് മടങ്ങിയത്. മകന് യാത്ര പറഞ്ഞ് ഓട്ടോയില്‍ കയറുമ്പോഴുള്ള പിതാവിന്റെ നിസ്സഹായത നിറഞ്ഞ നോട്ടമാണ് ആ ചിത്രത്തിലുള്ളത്. മകന് പോയശേഷം പത്തു മിനിറ്റോളം കഴിഞ്ഞാണ് അച്ഛന് അകത്തേക്കു കയറിയത്. ഇതിനിടയില്‍ പകര്‍ത്തിയതായിരുന്നു ചിത്രം. പക്ഷേ ചില മാധ്യമങ്ങള്‍ മകനെ കുറ്റപ്പെടുത്തി വാര്‍ത്ത നല്കി. പലരും മനോധര്‍മം പോലെ അതിനെ വ്യാഖ്യാനിച്ച് ആ പിതാവിന്റെയും മകന്റെയും നിസ്സഹായതകളെ മറന്നു കളഞ്ഞെന്നും ഫാ. സന്തോഷ് പറയുന്നു. പത്തനംതിട്ട തുമ്പമണ്ണിനടുത്തു പുന്നകുന്നിലാണ് ബത് സേഥാ പ്രവര്‍ത്തിക്കുന്നത്. തെരുവില്‍ അലഞ്ഞു നടക്കുന്നവരെ കണ്ടെത്തി പുതിയ ഒരു ജീവിതം നല്‍കാനുള്ള ശ്രമമാണിതെന്നു ഫാ. സന്തോഷ് പറയുന്നു. സ്വന്തം പിതാവ് ഉള്‍പ്പെടെ 23 പേര് നിലവില്‍ ഇവിടെ അന്തേവാസികളായി ഉണ്ട്. ഇതിനു പുറമേ തിരുവനന്തപുരത്ത് ആര്‍സിസിക്കു സമീപം നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവുമൊരുക്കി തണല്‍ വീട് എന്ന കാന്‍സര്‍ കെയര്‍ ഹോമും സന്തോഷ് നടത്തുന്നുണ്ട്.
ചിത്രത്തോടൊപ്പം ഫാ. സന്തോഷ് പോസ്റ്റ് ചെയ്ത കുറിപ്പ്:
ഞാന്‍ പകര്‍ത്തിയ ഒരു ചിത്രമാണ്.. ഇന്ന് ബത് സേഥായില്‍ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവര്‍ മടങ്ങുന്ന ഓട്ടോയും കാണാം. പക്ഷേ വൃദ്ധനേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിന്റെ അകത്തേ മറവില്‍ തല കുനിച്ചിരുപ്പുണ്ടായിരുന്നു.. തന്റെ സ്വന്തം മകന്. മകന്റെ നിസ്സഹായതയിലാണ് ഈ പിതാവ് ഇവിടെ എത്തിയത് എന്നതും സത്യമാണ്. ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നില്പ് തുടര്‍ന്നു.. എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓര്‍മകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീര്‍ക്കും. പക്ഷേ ഇവിടെ അദ്ദേഹത്തിന് ദുഃഖിക്കേണ്ടി വരില്ല… തനിച്ചുമായിരിക്കില്ല… 85 വയസ്സുള്ള എന്റെ പിതാവ് തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയില്‍ കസേരയില്‍ ഇരുന്ന് ഈ കാഴ്ച കാണുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് ചെന്നു പറഞ്ഞു പുതിയ ആള് വന്നതാണ് എന്ന്. എന്റെ കൈയില്‍ ബലം കുറഞ്ഞ ആ കൈകള്‍ ഒന്നു മുറുകെ പിടിച്ച് എനിക്ക് ഒരു ചിരി നല്കി. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു.