രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടീം ഇന്ത്യ നായകന് വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മയും. രണ്ട് കോടി രൂപ സഹായം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഏഴ് കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് തുടക്കമിട്ടു.
കെറ്റോയില്‍ ‘ഇന്ദിസ്ടുഗതര്’ എന്ന പേരിലാണ് ധനസമാഹരണം. ഇതിലേക്കായാണ് രണ്ട് കോടി രൂപ വിരുഷ്ക നല്‍കിയത്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ധനസമാഹരണത്തിന് ഒടുവില്‍ എസിടി ഗ്രാന്റ്സിലേക്ക് ഈ പണം ലഭിക്കും. ഈ പണം ഉപയോഗിച്ച് എസിടി ഗ്രാന്റ്സ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കും.
കൊവിഡ് കാലത്ത് കഴിയാവുന്നത്ര ആളുകളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നമുക്ക് പരമാവധി പേരെ സഹായിക്കാം… എന്നും കോലി പറഞ്ഞു. നിസ്സഹായരായി നാം സാക്ഷിയായിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന് ഈ ധനസമാഹരണം പ്രയോജനകരമാകും എന്നാണ് പ്രതീക്ഷയെന്ന് അനുഷ്ക പറഞ്ഞു.
‘രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയം നമ്മള് ഒരുമിച്ച് നിന്ന് കഴിയാവുന്നത്ര പണം കണ്ടെത്തേണ്ടതുണ്ട്. എത്രത്തോളം പേരെ സഹായിക്കാന്‍ കഴിയുമോ അത്രയും സഹായിക്കാനാണ് നമ്മള് ശ്രമിച്ചിരുന്നത്. എന്നാല്‍ ഈ സമയത്ത് ആ സഹായങ്ങള്‍ക്കെല്ലാം അപ്പുറം നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്യണം.’ കോലി സോഷ്യല്‍ മീഡിയയില്‍ പറയുന്നു.