അഭിനയമോഹവുമായി ഇരുവർക്കും പറ്റിയൊരു സ്ക്രിപ്റ്റും കൊണ്ട് നാദിർഷായെ കാണാൻ വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ട് ഒരിക്കലും വിചാരിച്ചു കാണില്ല അവരും മലയാള സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്തുക്കളുടെ നിരയിലേക്ക് ഉയർത്തപ്പെടുവാൻ പോകുവാണെന്ന സത്യം. ആദ്യ തിരക്കഥയായ അമർ അക്ബർ അന്തോണി സൂപ്പർ ഹിറ്റായതോടെ ഇരുവരുടെയും തലവര തന്നെ മാറി. രണ്ടാമത്തെ തിരക്കഥയായ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനും തിരക്കഥാകൃത്തുക്കൾ രണ്ടാമത്തെ വിജയവും സ്വന്തമാക്കിയതോടെ ഇരുവരുടെയും താരമൂല്യമേറി. ഒരു പഴയ ബോംബ് കഥയിലൂടെ ബിബിൻ ജോർജും ഇപ്പോളൊരു നായകനാണ്.
ഇരുവരും ചേർന്നൊരുക്കിയ മൂന്നാമത്തെ തിരക്കഥയായ ഒരു യമണ്ടൻ പ്രേമകഥയും വമ്പൻ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ഇത് അവർക്കൊരു ഹാട്രിക് വിജയമാണ്. ഒരു യമണ്ടൻ ഹാട്രിക്ക് വിജയം. നവാഗതനായ ബി. സി നൗഫൽ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകനായി എത്തിയത്. പൊട്ടിച്ചിരികളുടെ മേളം തീർത്ത് കുട്ടികളെയും കുടുംബങ്ങളെയും യുവാക്കളെയും ഒരേപോലെ രസിപ്പിച്ച് ഒരു യമണ്ടൻ പ്രേമകഥ വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്.