മകൻ മാധവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. സോഷ്യൽ മീഡിയയിലൂടെയാണ് മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വിഷ്ണു പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കുഞ്ഞു മാധവിന് ആശംസകളുമായി എത്തിയതും. അച്ഛൻ വിഷ്ണുവിനും അമ്മ ഐശ്വര്യയ്ക്കും ഒപ്പം പിറന്നാൾ തൊപ്പിയൊക്കെ തലയിൽ വെച്ച് ക്യൂട്ട് ലുക്കിലാണ് കുഞ്ഞുമാധവ് ചിത്രത്തിലുള്ളത്. ചിത്രശാല വെഡിങ് ഫോട്ടോഗ്രാഫി ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. വിനയ് ഫോർട്ട് ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ മാധവിന് ആശംസകൾ നേർന്നു.
ബാലനടനായി മലയാളസിനിമയിലേക്ക് എത്തിയ വിഷ്ണു ഉണ്ണിക്കൃഷ്ണൻ പിന്നീട് അമർ അക്ബർ അന്തോണു എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറി. കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു യമണ്ടന് പ്രേമകഥ എന്നിവ ആയിരുന്നു തിരക്കഥ ഒരുക്കിയ മറ്റ് ചിത്രങ്ങൾ. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ നായകനായി അഭിനയിച്ച വിഷ്ണു വികടകുമാരന്, നിത്യഹരിതനായകന് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കുഞ്ഞ് പിറന്നതിന് ശേഷം കുഞ്ഞുമൊത്തുള്ള നിമിഷങ്ങൾ വിഷ്ണു സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമായിരുന്നു.
‘ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് തനിക്ക് കുഞ്ഞ് ജനിച്ച വിശേഷം വിഷ്ണു ആരാധകരുമായി പങ്കുവെച്ചത്. 2020 ഫെബ്രുവരി രണ്ടിന് ആയിരുന്നു വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഐശ്വര്യയെ വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമയ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കു വെക്കാറുണ്ട്.