സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കഴിഞ്ഞ ദിവസം മാരാരിക്കുളത്ത് നടന്ന ഒരു വിവാഹം. മാരാരിക്കുളം വലിയപറമ്പ് ജോംസണിന്റെയും വിസ്മയുടെയും വിവാഹമാണത്. മുഖ്യമന്ത്രി പിണറായി വിജയന് വിവാഹ സഹായവുമായി ജില്ലാ കളക്ടറെ അയച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എംപിയും എത്തിയിരുന്നു. ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിനു സമീപം താമസിക്കുന്ന വിനോദിന്റെ മൂത്തമകള്‍ ആണ് വിസ്മയ.
അരയ്ക്ക് താഴേക്ക് തളര്‍ന്നു പോയതാണ് വിനോദിന്റെ ശരീരം. 2007ലായിരുന്നു സംഭവം. വീടിനടുത്ത് മരം വെട്ടാന്‍ പോയതായിരുന്ന വിനോദിന് മരത്തില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. നീണ്ട കാലത്തെ ചികിത്സ കൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. വീഴ്ചയില്‍ നാഡികള്‍ക്ക് ചതവ് പറ്റിയത് കാരണം അരയ്ക്ക് താഴെ തളര്‍ന്ന് പോവുകയായിരുന്നു. അതിനിടെ വിനോദിന്റെ ഭാര്യ രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോയി. ഭാര്യ ഉപേക്ഷിച്ച് പോകുമ്പോള്‍ മൂത്ത മകള്‍ക്ക് എട്ട് വയസും രണ്ടാമത്തെ മകള്‍ക്ക് അഞ്ചു വയസുമായിരുന്നു പ്രായം. തുടര്‍ന്ന് മക്കളെ ആലപ്പുഴയിലുള്ള ഒരു ജീവകാരുണ്യ സ്ഥാപനത്തില്‍ താമസിപ്പിച്ചാണ് പഠിപ്പിച്ചത്.
ഈ സമയത്തും തന്റെ ചികിത്സയുമായി വര്‍ഷങ്ങളോളം ആശുപത്രിയില്‍ ആയിരുന്നു വിനോദ്. സ്വന്തമായി വീടില്ലാതിരുന്ന വിനോദിന് നാട്ടുകാര്‍ ചേര്‍ന്ന് ആഞ്ഞിലിപ്പാലം തോടിനോടു ചേര്‍ന്ന പുറംപോക്കില്‍ ഒരു ഷെഡ് കെട്ടിക്കൊടുത്തു. മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ വീല്‍ ചെയറില്‍ ഇരുന്ന് ലോട്ടറി വില്‍പ്പന നടത്തിയാണ് വിനോദ് ജീവിച്ച് പോന്നിരുന്നത്. ചെറിയ ഷെഡില്‍ നിന്ന് റോഡിലേക്ക് പതിനഞ്ചടിയോളം ഉയരം ഉണ്ട്. അതിനാല്‍ അച്ഛനെ മൂത്ത മകള്‍ വിസ്മയ ആണ് തന്റെ കൈയില്‍ എടുത്താണ് റോഡിലേക്ക് കൊണ്ടു വരുന്നത്. ഈ സമയത്ത് ഇളയ മകള്‍ അച്ഛന്റെ വീല്‍ ചെയറുമായി വരും. അതിന് ശേഷമാണ് വിനോദ് ലോട്ടറിയും ആയി തന്റെ വീല്‍ ചെയറില്‍ ജങ്ഷനില്‍ എത്തുന്നത്. മകളുടെ വിവാഹത്തോടെ തന്നെ ആര് റോഡിലേക്കെത്തിക്കും എന്ന വിഷമമാണ് വിനോദിന്.