പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ ചേട്ടൻ അഭിനയിച്ച സിനിമ കണ്ടിരിക്കുകയാണ് വിസ്മയ മോഹൻലാൽ. ചിത്രം രണ്ടു വട്ടം കണ്ടെന്നും മനോഹരമായ സിനിമയാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മായ കുറിച്ചത്. ചേട്ടൻ പ്രണവ് മോഹൻലാലിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
ഭാര്യ സുചിത്ര മോഹൻലാലിന് ഒപ്പം ചെന്നൈയിലെ വീട്ടിലിരുന്നാണ് മോഹൻലാൽ സിനിമ കണ്ടത്. സിനിമ കണ്ടപ്പോൾ താനും പഴയ കാലങ്ങളിലേക്ക് പോയിയെന്നും അനുഭവ കാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി ഈ സിനിമ കാത്തു വെച്ചിരുന്നെന്നും മോഹൻലാൽ സിനിമ കണ്ടതിനു ശേഷം പറഞ്ഞു. സിനിമ കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
‘കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്കു നടുവിൽ നിന്ന് അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി (ഫിലോസഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തു വെച്ചിരുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി, സ്നേഹപൂർവം മോഹൻലാൽ.’’ – സിനിമ കണ്ടതിനു ശേഷം മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ. സിനിമ റിലീസ് ചെയ്ത അന്നു തന്നെ സുചിത്ര മോഹൻലാൽ കൊച്ചിയിൽ എത്തി സിനിമ കണ്ടിരുന്നു.