മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ക്ക് വേണ്ടി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം വൈശാഖ് സംവിധാനം നിർവഹിക്കും. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കും. പ്രിയദർശനും ടി കെ രാജീവ്കുമാറും ചേർന്ന് ‘അമ്മ’യുടെ ചിത്രം സംവിധാനം ചെയ്യുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. അതിന്റെ കാരണം എന്താണെന്ന് പുറത്തുവിട്ടിട്ടില്ല. വൈശാഖ് ഒരുക്കുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
‘അമ്മ’ക്ക് വേണ്ടി ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ജോഷി ചിത്രം ട്വന്റി 20യിൽ വൈശാഖ് സഹസംവിധായകനായിരുന്നു. പോക്കിരിരാജയാണ് വൈശാഖ് സ്വതന്ത്ര സംവിധായകനായ ചിത്രം. സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ്, പുലിമുരുകൻ, മധുരരാജാ എന്നീ ചിത്രങ്ങളും വൈശാഖ് സംവിധാനം ചെയ്തിട്ടുണ്ട്.