മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ, ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്ന വഫാ ഫിറോസിന് ഭർത്താവ് ഫിറോസ് വിവാഹ മോചനത്തിനായി ഇപ്പോള്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ശ്രീറാം ഉൾപ്പടെ നിരവധി പുരുഷന്മാരുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്നതിന് തെളിവുണ്ടെന്ന വാദങ്ങൾ നിരത്തിയാണ് ഭർത്താവ് ഫിറോസ്, വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഫിറോസ് അയച്ച നോട്ടിസിന്റെ പ്രസക്തഭാഗം
താങ്കളെ (വഫയെ) വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ തൊഴില്‍രഹിതനായിരുന്നു. സ്വന്തം അധ്വാനം കൊണ്ട് ജോലി സമ്പാദിച്ചു. പട്ടം മരപ്പാലത്ത് ഒന്‍പതര സെന്റ് ഭൂമിയില്‍ 2007 കാലഘട്ടത്തില്‍ 40 ലക്ഷം രൂപയിലേറെ ചെലവാക്കി വീട് വച്ചത് എന്റെ പണത്തിനാണ്. ദാമ്പത്യജീവിതം ആരംഭിച്ചതുമുതല്‍ താങ്കളുടെ പിടിവാശി ജീവിതത്തില്‍ പല അസ്വസ്ഥതകളുമുണ്ടാക്കി. എന്നാല്‍ എല്ലാം ക്ഷമിച്ചും സഹിച്ചുമാണ് ഞാന്‍ മുന്നോട്ടു പോയത്. എന്നാല്‍ ഇസ്ലാം വിശ്വാസത്തിനു നിരക്കാത്ത കാര്യങ്ങളാണ് താങ്കള്‍ ചെയ്തത്.
ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയിലുമാണ് വിദേശത്തും സ്വദേശത്തും ജീവിച്ചത്. 3 മാസം ഗര്‍ഭിണിയായിരിക്കേ എന്റെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഗര്‍ഭം അലസിപ്പിച്ചു. അതിനുശേഷവും യാതൊരു പശ്ചാത്താപവും കൂടാതെ പഴയപടി ആഡംബര ജീവിതം തുടര്‍ന്നു. എന്റെ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ബഹ്റൈനില്‍നിന്ന് തിരുവനന്തപുരത്തേക്ക് അടിക്കടി യാത്ര ചെയ്തു. ധാരാളം പുരുഷ സുഹൃത്തുക്കളോടൊപ്പം ഇടപഴകി ജീവിച്ചു.
താങ്കളുടെ പ്രവൃത്തികള്‍കൊണ്ട് സ്വസ്ഥതയും സമാധാനവും നശിച്ച എന്റെ ബഹ്റൈനിലെ ബിസിനസ് നഷ്ടത്തിലായി. തുടര്‍ന്നു ബിസിനസ് അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ഞാന്‍ തൊഴില്‍രഹിതനായി 2 വര്‍ഷം താങ്കള്‍ക്കൊപ്പം കഴിഞ്ഞു. 2014 സെപ്റ്റംബറില്‍ വീണ്ടും ജോലി ലഭിച്ച് അബുദാബിയിലേക്ക് പോയി. 1 വര്‍ഷത്തിനുള്ളില്‍ താങ്കളെയും കുട്ടിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തന്നിഷ്ടപ്രകാരമാണ് താങ്കള്‍ അബുദാബിയില്‍ ജീവിച്ചിരുന്നത്. അടിക്കടി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് അന്യ പുരുഷന്മാരോടൊപ്പം ഉല്ലസിച്ച് ജീവിച്ചു. നിശാക്ലബ്ബുകളില്‍ അന്യ പുരുഷൻമാരോടൊപ്പം നൃത്തം ചെയ്തു.
ഈ വിവരം അറിഞ്ഞപ്പോഴെല്ലാം ഞാന്‍ താങ്കളെ ഉപദേശിച്ചു. എന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതെ താങ്കള്‍ ചെയ്യുന്നതാണ് ശരി എന്ന നിലപാടാണ് സ്വീകരിച്ചത്. യുഎഇയില്‍ താമസിക്കുമ്പോള്‍ ഞാന്‍ രാവിലെ മകളുമായി പുറത്തു പോകുമ്പോള്‍ താങ്കളുടെ പുരുഷ സുഹൃത്തുക്കള്‍ ഫ്ലാറ്റിലേക്ക് വന്നിരുന്നതായി സെക്യൂരിറ്റിയും മറ്റുള്ളവരും എന്നെ അറിയിച്ചു. ഇക്കാര്യം ചോദിച്ചപ്പോള്‍ പ്രവൃത്തികളെ ന്യായീകരിക്കാനാണ് താങ്കള്‍ ശ്രമിച്ചത്. ഞാന്‍ താങ്കളുടെ മാതാപിതാക്കളെ ഈ വിവരം അറിയിച്ചു. ഒരു പ്രാവശ്യത്തേക്ക് പൊറുക്കണമെന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്.
ഈ സമയത്താണ് ഞാന്‍ വാങ്ങിയ കാറില്‍ ഐഎഎസ് ഓഫിസറോടൊപ്പം താങ്കള്‍ സഞ്ചരിക്കുമ്പോള്‍ അപകടമുണ്ടായി മാധ്യമപ്രവര്ത്തകന് മരിച്ച വിവരം അറിയുന്നത്. ടെലിഫോണില്‍കൂടിപോലും ഈ വിവരങ്ങള്‍ എന്നോട് പറയാന്‍ താങ്കള്‍ തയാറായില്ല. അബുദാബിയില്‍നിന്ന് ഞാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടും എന്നെ കാണാനോ സംസാരിക്കാനോ തയാറായില്ല. ഓഗസ്റ്റ് 11ന് താങ്കള്‍ എന്നെ ഫോണില്‍ വിളിച്ചെങ്കിലും അപകടത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. പരസ്പര വിശ്വാസം തകര്‍ന്നതിനാല്‍ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അര്‍ഥമില്ല.