താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ പൂർത്തിയായി കഴിഞ്ഞു.
ഇപ്പോൾ ഇതാ ഹൃദയം സെറ്റിൽ നിന്നുള്ളൊരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. സിനിമയിലെ ‘ദർശന’ എന്ന പാട്ടിനെക്കുറിച്ച് സംവിധായകനും അണിയറപ്രവർത്തകരും പറയുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ശനിയാഴ്ച യുട്യൂബിൽ പങ്കുവെച്ച വീഡിയോ ഇതിനകം ട്രെൻഡിംഗ് ആയിക്കഴിഞ്ഞു. നമ്മുടെ മ്യൂസിക്കുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെ കൊണ്ടുവന്ന അവർ ഒരു മാജിക് ഫീൽ സൃഷ്ടിച്ച ട്രാക്കാണ് ‘ദർശന’യെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.
‘ദർശന’ പാട്ടിന്റെ കാസ്റ്റ് ആൻഡ് ക്രൂ ആണ് വീഡിയോയിൽ ഉള്ളത്. പാട്ടിനെക്കുറിച്ച് ഓരോരുത്തർക്കും പറയാനുള്ളതാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്. പ്രണവ് മോഹൻലാ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ‘ദർശന’ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹെഷം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹെഷം അബ്ദുൾ വഹാബ് ദർശന രാജേന്ദ്രൻ എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്.