ഓരോ സീസണും സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം ഉള്ളവയാണ്. ഓണം, പൂജ, ദീപാവലി, വിഷു, ക്രിസ്തുമസ് എന്നിങ്ങനെ ഓരോ സീസണിലും വമ്പൻ റിലീസുകളുമായി വന്ന് ബോക്സ് ഓഫീസ് കീഴടക്കുക എന്നത് ഏതൊരു സിനിമാക്കാരന്റെയും സ്വപ്നമാണ്. അങ്ങനെ ഒരുപിടി വേറിട്ട ചിത്രങ്ങളുമായി ഇക്കൊല്ലത്തെ ക്രിസ്തുമസ് സീസണും എത്തിയിരിക്കുകയാണ്. മലയാളം ചിത്രങ്ങളോടൊപ്പം തന്നെ അന്യഭാഷാ ചിത്രങ്ങളും ക്രിസ്തുമസ് റിലീസിന് ഉണ്ട്.
ഒടിയൻ
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയനാണ് ക്രിസ്തുമസ് റിലീസായി ആദ്യം തീയറ്ററുകളിൽ എത്തിയ ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം ഡിസംബർ 14ന് തീയറ്ററുകളിൽ എത്തി. സമ്മിശ്ര പ്രതികരണങ്ങൾ നേടിയിട്ടും തീയറ്ററുകളിൽ ആളെ നിറച്ച ചിത്രം കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ് കുതിക്കുകയാണ്.
പ്രേതം 2
ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ 2016ൽ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2. ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രവുമായി ജയസൂര്യ വീണ്ടുമെത്തുന്ന ചിത്രത്തിൽ സിദ്ധാർഥ ശിവ, അമിത് ചക്കാലക്കൽ, ഡെയ്ൻ, ദുർഗ, സാനിയ ഇയ്യപ്പൻ എന്നിവർ അഭിനയിക്കുന്നു. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്ന് നിർമിക്കുന്ന പ്രേതം 2 നാളെ തീയറ്ററുകളിൽ എത്തും.
എന്റെ ഉമ്മാന്റെ പേര്
ടോവിനോ തോമസിന്റെ ക്രിസ്തുമസ് റിലീസായി തീയറ്ററുകളിൽ എത്തുന്ന എന്റെ ഉമ്മാന്റെ പേര് സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ ജോസ് സെബാസ്റ്റ്യനാണ്. ടോവിനോയും ഉർവശിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ തന്റെ ഉമ്മയെ തേടിവരുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. ആന്റോ ജോസഫും സി ആർ സലിമും ചേർന്ന് നിർമിച്ചിരിക്കുന്ന എന്റെ ഉമ്മാന്റെ പേര് നാളെ തീയറ്ററുകളിൽ എത്തും.
തട്ടുംപുറത്ത് അച്യുതൻ
എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജോസ് – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന തട്ടുംപുറത്ത് അച്യുതൻ ആ പേര് കൊണ്ട് തന്നെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. പുതുമുഖം ശ്രവണയാണ് നായിക. ഷെബിൻ ബക്കർ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, ബിജു സോപാനം, ബിന്ദു പണിക്കർ എന്നിവരും വേഷമിടുന്നു. ഡിസംബർ 22ന് ചിത്രം തീയറ്ററുകളിൽ എത്തും.
ഞാൻ പ്രകാശൻ
സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ഹിറ്റ് കോംബോ വീണ്ടുമൊന്നിക്കുന്നുവെന്നത് തന്നെ ശ്രദ്ധാകേന്ദ്രമായ ഞാൻ പ്രകാശൻ ഫഹദ് ഫാസിലിന്റെ ക്രിസ്തുമസ് റിലീസാണ്. ടിപ്പിക്കൽ മലയാളിയുടെ കഥ പറയുന്ന ചിത്രത്തിന്റെ നിർമാണം സേതു മണ്ണാർക്കാടാണ്. നിഖില വിമൽ, ശ്രീനിവാസൻ, കെ പി എ സി ലളിത തുടങ്ങിയവർ വേഷമിടുന്ന ഞാൻ പ്രകാശൻ നാളെ തീയറ്ററുകളിൽ എത്തും.
യാഷ് നായകനായ ബ്രഹ്മാണ്ഡ കന്നഡ ചിത്രം കെ ജി എഫ്, ധനുഷും ടോവിനോയും ഒന്നിക്കുന്ന മാരി 2, ഷാരൂഖ് ഖാൻ ചിത്രം സീറോ, വിജയ് സേതുപതി ചിത്രം സീതകാതി, ശിവകാർത്തികേയൻ ചിത്രം കനാ, ജയം രവി ചിത്രം അടങ്കമാർ, വിഷ്ണു വിശാൽ ചിത്രം സിൽക്ക്വാരപ്പെട്ടി സിംഗം എന്നീ അന്യഭാഷാ ചിത്രങ്ങളും ക്രിസ്തുമസ് റിലീസായി കേരളത്തിൽ എത്തുന്നുണ്ട്.