1980 കൾ മുതൽ തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരങ്ങളുടെ കൂട്ടായ്മ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഉണ്ടാകാറുണ്ട്. അതിൽ ഇപ്പോൾ സജീവമായവരും സജീവമല്ലാത്തവരും സൂപ്പർതാരങ്ങളായി നിൽക്കുന്നവരും ഉണ്ട്. എല്ലാവരും വർഷത്തിൽ ഒരു ദിവസം അവരിൽ ഓരോത്തരുടെ വീട്ടിൽ ഒന്നിച്ചു കൂടി സന്തോഷവും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഈ താര കൂട്ടായ്മയിൽ മലയാളത്തിൽ നിന്ന് മോഹൻലാൽ ആണ് എല്ലാ വർഷവും താരം ആവാറുള്ളത്. ജയറാമും റഹ്മാനും തമിഴ് സൂപ്പർ തരാം രജനികാന്തും കമൽ ഹാസനും എൺപതുകളിലെ നടിമാരും തെലുങ്കിൽ നിന്ന് ചിരഞ്ജീവി, വെങ്കിടേഷ്, നാഗാർജുന തുടങ്ങിയ സൂപ്പർ താരങ്ങളും പലപ്പോഴായി ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇത്തവണ തെലുങ്കു താരമായ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ആതിഥ്യത്തിൽ ഹൈദരാബാദിൽ ഉള്ള അദ്ദേഹത്തിന്റെ പുതിയ വീട്ടിൽ ഒത്തുകൂടിയപ്പോൾ അവിടെ നിന്ന് മോഹൻലാൽ പങ്കു വെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
മെഗാ സ്റ്റാർ ചിരഞ്ജീവിക്ക് ഒപ്പമുള്ള തന്റെ ഒരു മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചത്. ഇരുവരും നല്ല സുഹൃത്തുക്കളാണ്. ചിരഞ്ജീവിയുടെ പുതിയ റിലീസ് ആയിരുന്ന സൈ രാ നരസിംഹ റെഡ്ഢിയുടെ മലയാളം പതിപ്പിന് ആമുഖം നൽകിയത് മോഹൻലാൽ ആയിരുന്നു. ഇവർക്കൊപ്പം റഹ്മാൻ, പ്രഭു, ശരത് കുമാർ, രാധിക ശരത് കുമാർ, അംബിക തുടങ്ങി ഒട്ടേറെ താരങ്ങൾ പങ്കെടുത്തു. പാട്ടും നൃത്തവും എല്ലാം ആയി ഈ താരങ്ങൾ അവരുടെ സൗഹൃദങ്ങൾ ഒന്നുകൂടി ഊട്ടിഉറപ്പിക്കുകയാണ്.