Wednesday, August 21

ചിന്തിക്കുന്ന മലയാളിയുടെ ചിന്തകൾക്ക് അപ്പുറം നിൽക്കുന്ന ചിത്രം | 9 റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +
“samvritha”

ഈ ലോകത്തിനുമപ്പുറം എന്ന ടാഗ്‌ലൈനും 9 എന്നൊരു പേരും. അവിടെ തന്നെയാണ് പൃഥ്വിരാജ് എന്ന നിർമാതാവും നടനും ജെനൂസ് മുഹമ്മദ് എന്ന സംവിധായകനും മലയാളികളെ ആദ്യം അത്ഭുതപ്പെടുത്തിയത്. ഇത് എന്താണ്? എന്തായിരിക്കും ഇതിന്റെ പ്രമേയം എന്നുമെല്ലാം മലയാളികളെ കൊണ്ട് ആലോചിപ്പിക്കുന്നതിൽ തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന് തുടക്കമിട്ടത്. അതിന്റെ പൂർത്തീകരണമാണ് ഇന്നോളം മലയാളസിനിമയിൽ പരീക്ഷിച്ചിട്ടില്ലാത്ത പ്രപഞ്ചശക്തികളുടെ അധീനതയിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒരു പ്രമേയവും അതിന്റെ അവതരണവും. ബാലൻ കെ നായരുടെയും ഷീലയുടെയും വേറിട്ടൊരു നർമത്തിൽ ചാലിച്ച പ്രണയകഥയായ 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിൽ നിന്നും 9 എന്ന ചിത്രത്തിലേക്ക് ജെനൂസ് എത്തുമ്പോൾ ആ സംവിധായകൻ മലയാളസിനിമക്ക് പകർന്ന് തരുന്ന പ്രതീക്ഷകൾ ഏറെയാണ്.

9 Malayalam Movie Review

9 Malayalam Movie Review

ഒൻപതു ദിവസങ്ങൾക്കുള്ളിൽ മറ്റൊരു പ്രപഞ്ചത്തിൽ നിന്നും ഒരു ധൂമകേതു ഭൂമിയിൽ പതിക്കുവാൻ ഒരുങ്ങുകയാണ്. അത് ഭൂമിയിലെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒന്നാണ്. വെളിച്ചവും വൈദ്യുതിയുമില്ലാത്ത 9 ദിനങ്ങൾ. ആ കാഴ്‌ച കാണാൻ ആസ്ട്രോ ഫിസിസ്റ്റ് ആൽബർട്ടും മകൻ ആദവും കൂട്ടാളികളും ഹിമാലയൻ മലനിരകളിലേക്ക് പുറപ്പെടുകയാണ്. അമ്മ നഷ്ടപ്പെട്ട ആ പിഞ്ചു ബാലന്റെ വ്യാകുലതകളും മറ്റുള്ളവരിൽ നിന്നും അവന് കേൾക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും ആൽബെർട്ടിനെ സങ്കടപ്പെട്ടുത്തുന്നുണ്ടെങ്കിലും അതിലും വലിയൊരു വിപത്തിനെ നേരിടാനുള്ള ഒരുക്കത്തിലാണ് അയാൾ. ഈ ലോകത്തിനുമപ്പുറമുള്ള ചില ശക്തികൾ തന്റെ മകൻ ആദമിന്റെ ജീവന് തന്നെ ഭീഷണിയായിരിക്കുമ്പോൾ അവയോടുള്ള യുദ്ധത്തിന് കൈമെയ്യ് മറന്ന് മുന്നിട്ടിറങ്ങുകയാണ് ആൽബർട്ട്. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലുടനീളം പ്രേക്ഷകനെ മുൾമുനയിൽ നിർത്തി അവതരിപ്പിച്ചിരിക്കുന്നത്.

9 Malayalam Movie Review

9 Malayalam Movie Review

ഒരു ഹൊറർ ചിത്രമെന്നോ ത്രില്ലർ ചിത്രമോ എന്ന് പറഞ്ഞ് മാറ്റി നിർത്തേണ്ട ഒരു ചിത്രമല്ല 9. മലയാളത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ ചിത്രം, ഹൊറർ, ത്രില്ലർ, സസ്‌പെൻസ് എന്നിങ്ങനെ പലതിന്റെയും പൂർണമായ ഒരു മിശ്രണമാണ് 9 എന്ന ചിത്രം. ഇത്തരം പ്രമേയങ്ങൾ മലയാളത്തിൽ എടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് മലയാളികൾ ഇത്തരം പരീക്ഷണങ്ങളോട് കാട്ടുന്ന ഒരു നിർവികാരതയാണ്. ഇത്തരത്തിൽ ഉള്ള അന്യഭാഷാ ചിത്രങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിയുടെ ആ മനസ്സ് അറിഞ്ഞ സംവിധായകനും നിർമാതാവുമാണ് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ചിന്തിക്കുന്ന മലയാളിക്ക് ഒരടി മുന്നേ സഞ്ചരിച്ച അവർ ഈ ചിത്രത്തെ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

9 Malayalam Movie Review

9 Malayalam Movie Review

പൃഥ്വിരാജിന്റെ പകരം വെക്കാനില്ലാത്ത പ്രകടനത്തോടൊപ്പം തന്നെ ആദമായി എത്തിയ അലോകിന്റെ പ്രകടനവും കൂടി ഒത്തുചേരുമ്പോഴാണ് 9 പൂർണമായിരിക്കുന്നത്. വാമിഖയും മമ്ത മോഹൻദാസും അവരുടെ ഭാഗങ്ങൾ മനോഹരമാക്കുകയും ചെയ്‌തു. ജെനൂസ് തന്നെ ഒരുക്കിയ തിരക്കഥയും VFX എങ്ങനെയാണ് ഫലപ്രദമായി ഉപയോഗിക്കേണ്ടത് എന്നുള്ള കാഴ്‌ചയും കൂടി ചേർന്നപ്പോൾ 9 എന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്ര താളുകളിൽ കൂടി എഴുതി ചേർക്കപ്പെടേണ്ട ഒന്നായി തീർന്നിരിക്കുകയാണ്. പറഞ്ഞിട്ടില്ലാത്ത കഥയും പരീക്ഷണങ്ങളും ആണെങ്കിൽ പോലും കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് 9. ഈ ചിത്രത്തിന്റെ വിജയം മാറി ചിന്തിക്കുന്ന മലയാളിയുടെ സിനിമ സങ്കൽപ്പങ്ങളുടെ പുതിയൊരു വഴിത്താരയുടെ ആരംഭം കൂടിയാണ്.

“Lucifer”
Share.

About Author

Comments are closed.