ജനുവരിയില്‍ റിലീസായ അല്ലു അർജുൻ ചിത്രം ‘അല വൈകുണ്ഠപുരംലോ’ യിലെ ‘ബുട്ട ബൊമ്മ’എന്ന ഗാനം ഏറെ പ്രശസ്തി നേടിയിരുന്നു. നിരവധി ടിക്ടോക് വീഡിയോകളും പ്രചരിച്ചിരുന്നു. താരങ്ങളടക്കം നിരവധി ആളുകളാണ് ഈ ഗാനത്തിന് ചുവടു വെച്ചത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഭാര്യയും ഈ ഗാനത്തിന് ചുവടു വയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്.
ക്രിക്കറ്റ് താരം തൻറെ മകളുടെ അഭ്യർഥന മാനിച്ചാണ് ടിക് ടോക് വീഡിയോയിൽ അരങ്ങേറ്റം കുറിച്ചത്. ”ഇത് ടിക് ടോക് സമയം..ബട്ട ബൊമ്മ…നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു വരൂ” എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് നന്ദി പറഞ്ഞ് കമന്റിട്ട് അല്ലുവും രംഗത്തെത്തിയിട്ടുണ്ട്. ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ അല വൈകുണ്ഠപുരംലോ മലയാളത്തിലും മൊഴി മാറ്റം ചെയ്ത് റിലീസിനെത്തിയിരുന്നു. ചിത്രത്തിൽ നായികയായി എത്തിയത് പൂജ ഹെഗ്ഡെയാണ്
അല്ലു അര്‍ജുന്റെ പത്തൊന്‍പതാം ചിത്രമാണിത്. ചിത്രം ഹോളിവുഡ് ചിത്രമായ ഇന്വെന്ഷന് ഓഫ് ലയിങ്ങിന്റെ അഡാപ്റ്റേഷന് ആണ്. ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, ത്രിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണിത്