നിപ വൈറസിനെ കേരളം പ്രതിരോധിച്ച കഥ പറയുന്ന വൈറസ് എന്ന ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തി. ഗംഭീര റിപ്പോർട്ടാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. നിപ്പക്ക് വേണ്ടി ജീവൻ കൊടുത്ത ലിനി സിസ്റ്ററും ചിത്രത്തിൽ ഒരു കഥാപാത്രമായി മാറുന്നുണ്ട് . സിസ്റ്റർ അഖില എന്ന കഥാപാത്രമായി സിനിമയിൽ ഗംഭീര പ്രകടനമാണ് റീമ കല്ലിങ്കൽ കാഴ്ച വച്ചത്. ചിത്രത്തെക്കുറിച്ചും റീമ കല്ലിങ്കലിന്റെ കഥാപാത്രത്തെക്കുറിച്ചും യഥാർത്ഥജീവിതത്തിൽ ലിനി സിസ്റ്ററുടെ ഭർത്താവ് സജീഷ് ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ കുറിച്ചിരിക്കുകയാണ്
സജീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ വൈറസ് സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.
ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു.
പാർവ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ് ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു.
സിനിമ കാണുന്നതിന് മുൻപ് എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.