താളവട്ടം സിനിമ കണ്ടവരാരും വിനു എന്ന ചെറുപ്പക്കാരനെ മറക്കില്ല. മാനസികവിഭ്രാന്തിയുള്ള വിനു എന്ന ചെറുപ്പക്കാരനായി മോഹൻലാൽ ആണ് സിനിമയിൽ അഭിനയിച്ചു തകർത്തത്. നിരവധി മികച്ച അഭിപ്രായം നേടിയ സിനിമ ആയിരുന്നു താളവട്ടം. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം ജി സോമൻ, കാർത്തിക, ലിസി എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. 1986ൽ റിലീസ് ചെയ്ത സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം പ്രിയദർശൻ തന്നെ ആയിരുന്നു നിർവഹിച്ചത്.
ഇപ്പോൾ താളവട്ടം എന്ന സിനിമയിലെ അഭിനയത്തെക്കുറിച്ച് ബോളിവുഡ് താരം ആമിർ ഖാൻ സംവിധായകൻ പ്രിയദർശനോട് ചോദിച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്.
താളവട്ടത്തിൽ മോഹൻലാൽ അഭിനയിച്ചത് റിഹേഴ്സൽ ചെയ്തു നോക്കിയിട്ടാണോ എന്നാണ് ആമിർ ഖാൻ പ്രിയദർശനോട് ചോദിച്ചത്. താളവട്ടം കണ്ടവർക്കാർക്കും വിനു എന്ന കഥാപാത്രത്തെ മറക്കാൻ കഴിയില്ല. അത്രയും ഗംഭീരമായിട്ടായിരുന്നു ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയം. ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. വലിയ പ്രശംസയാണ് ആ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിനെ തേടിയെത്തിയതും. ആമിർ ഖാന്റെ ചോദ്യത്തിന് പ്രിയദർശൻ നൽകിയ മറുപടി മോഹൻലാൽ എന്ന നടന്റെ മാറ്റ് വർദ്ധിപ്പിക്കുന്നതാണ്. ആമിർ ചോദിച്ച ചോദ്യത്തിന് പ്രിയദർശൻ നൽകിയ മറുപടി, റിഹേഴ്സൽ ഇല്ലാതെയാണ് ആ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് എന്നാണ്. ഒട്ടും തയ്യാറെടുപ്പുകൾ ഇല്ലാതെ, വളരെ വേഗത്തിൽ, വളരെ സ്വാഭാവികമായും അനായാസമായും മോഹൻലാലിന് അഭിനയിക്കാൻ കഴിയുന്നു എന്നതാണ് മോഹൻലാലിനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്ന പ്രത്യേകത എന്നും പ്രിയദർശൻ പറയുന്നു.
പ്രിയദർശൻ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. മോഹൻലാലിന് വാനപ്രസ്ഥം എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാലിനെക്കുറിച്ച് ദൂരദർശൻ ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. കഴിഞ്ഞയിടെ യു ട്യൂബിലൂടെ ആ വീഡിയോ ദൂരദർശൻ പുറത്തുവിട്ടു. അതിലാണ് പ്രിയദർശൻ ഇങ്ങനെ പറയുന്നത്. താരങ്ങളുടെ താരം എന്ന ഡോക്യുമെന്ററി തോമസ് ടി. കുഞ്ഞുമോൻ ആണ് സംവിധാനം ചെയ്തത്. ഷാജി എന്‍ കരുണ്‍, വി പി ധനഞ്ജയന്, ഫാസില്‍, സിബി മലയില്‍, എം ടി വാസുദേവന്‍ നായര്‍, സത്യന് അന്തിക്കാട്, പ്രിയദര്ശന്, രാജീവ് നാഥ്, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയമികവിനെക്കുറിച്ചും ഇതിൽ സംസാരിക്കുന്നുണ്ട്.