ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ ഡാൻസ് റിഹേഴ്സൽ വീഡിയോ. ആറാട്ട് സിനിമയിലെ ഗാനത്തിന് ചുവടു വെയ്ക്കുന്നതിന് മുമ്പായുള്ള റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മോഹൻലാൽ ഫാൻസ് ക്ലബ് ആണ് ഫേസ്ബുക്കിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് മോഹൻലാലിന് പ്രശംസയുമായി എത്തിയിരിക്കുന്നത്. ‘തൊഴിലിനോട് ഇത്രയും ആത്മാർത്ഥത കാണിക്കുന്ന ഇദ്ദേഹത്തെ പുതിയ തലമുറ മാതൃകയാക്കണം’, ‘എനർജി ലെവൽ ഹൈ’, ‘ഏജ് ഈസ് ജസ്റ്റ് നമ്പർ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
സിനിമാരംഗത്തുള്ളവരും അല്ലാത്തവരുമായി നിരവധി പേരാണ് താരത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത്. പഴയ മോഹൻലാലിനെയാണ് ഇതിൽ കാണാൻ കഴിയുന്നതെന്ന് ആരാധകർ ഒറ്റ സ്വരത്തിൽ പറയുന്നു. ‘ആറാട്ട്’ സിനിമയിലെ ഒന്നാംകണ്ടം എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിന്റെ അവസാനം എത്തുന്ന മോഹൻലാലിന്റെ ഡാൻസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഒപ്പമുള്ള മറ്റ് നർത്തകരുടെ കൈയടിയുടെ അകമ്പടിയോടെയാണ് മോഹൻലാൽ റിഹേഴ്സൽ ചെയ്യുന്നത്. ഈ പ്രായത്തിലും ഇത്ര എനർജറ്റിക് ആയി ഡാൻസ് കളിക്കുന്ന മോഹൻലാൽ അഭിമാനമാണെന്നാണ് ആരാധകർ കുറിക്കുന്നത്.
ഫെബ്രുവരി പതിനെട്ടിന് ആയിരുന്നു ‘ആറാട്ട്’ സിനിമ റിലീസ് ചെയ്തത്. ബി ഉണ്ണിക്കൃഷ്ണൻ ആണ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണ ആയിരുന്നു. ശ്രദ്ധ ശ്രീനാഥ് മോഹൻലാലിന്റെ നായികയായി എത്തിയ ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.