മലയാളി സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഏറ്റവും വലിയ ബ്രഹ്മാണ്ഡചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം. മരക്കാർ റിലീസ് ഡിസംബർ രണ്ടിന് റിലീസ് ആകാനിരിക്കെ ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ. മരക്കാർ അഭിമാനചിത്രമായി മാറട്ടെയെന്ന് സംവിധായകൻ ആഷിഖ് അബു സോഷ്യൽ മീഡിയയിൽ കുറിച്ചു. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആഷിഖ് അബു വിജയാശംസകൾ നേരുകയും ചെയ്തു.
‘മലയാളക്കരയുടെ പ്രിയപ്പെട്ട ‘മോഹൻലാൽ – പ്രിയദർശൻ’ കൂട്ടുകെട്ടിൽ കുഞ്ഞാലിമരക്കാർ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ ! പ്രിയപ്പെട്ട ലാലേട്ടനും പ്രിയദർശൻ സാറിനും മഞ്ജു വാരിയർക്കും ആന്റണി ചേട്ടനും പ്രിയ സുഹൃത്തും സഹോദരനും നിർമാണപങ്കാളിയുമായ സന്തോഷേട്ടനും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ. കുഞ്ഞാലി മരക്കാർ നാളെ മുതൽ’ – ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് മരക്കാർ ഡിസംബർ രണ്ടിന് റിലീസ് ചെയ്യുന്നത്. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ തന്നെ നാളെ റിലീസ് ചെയ്യും. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.