ഹനീഫ് അദേനി ചിത്രം മിഖായേലിൽ തടി കൂടുതൽ ആണെന്ന കാരണത്താൽ പ്രേക്ഷകരിൽ നിന്നും ഏറെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നതാണ് നിവിൻ പോളിക്ക്. കഥാപാത്രത്തിന്റെ പൂർണതക്കായി ഹേയ് ജൂഡ്, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ ഭാഗമായി തടി കൂട്ടിയതാണ് നിവിൻ പോളി. ഇപ്പോഴിതാ പഴയ ചുള്ളൻ പയ്യൻ ലുക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിവിൻ പോളി. 2016ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനോട് സമമായ ഒരു ലുക്ക് അജു വർഗീസാണ് തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. പുതിയ ചിത്രമായ ലൗ ആക്ഷൻ ഡ്രാമക്ക് വേണ്ടിയാണ് നിവിൻ പൂർണമായി മാറിയിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭമായ ലൗ ആക്ഷൻ ഡ്രാമ ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ദിനേശനെന്ന നായക കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുമ്പോൾ ശോഭയായി നയൻതാര എത്തുന്നു.ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാർ എന്റർടൈന്മെന്റ്സ് എന്നീ ബാനറുകളിൽ അജു വർഗീസും വിശാഖ് പി സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ധന്യ ബാലകൃഷ്ണൻ, ജൂഡ് ആന്റണി എന്നിവർക്കൊപ്പം തമിഴിൽ നിന്നും കന്നടയിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാൻ റഹ്മാനാണ് സംഗീതം. ജോമോൻ ടി ജോൺ ഛായാഗ്രഹണവും വിവേക് എഡിറ്റിംഗും നിർവഹിക്കുന്നു.