തെലുങ്ക് സിനിമകളിലാണ് അല്ലു അർജുൻ സജീവമെങ്കിലും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട താരമാണ് അല്ലു. മലയാളത്തിൽ അത്രയേറെ വലിയ ആരാധക വൃന്ദമാണ് അല്ലു അർജുന് ഉള്ളത്. തെലുങ്ക് താരങ്ങളിൽ തന്നെ കേരളത്തിൽ അല്ലു അർജുനോളം ജനപ്രീതിയുള്ള മറ്റൊരു നടനും ഇല്ലെന്ന് പറയാം. അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രമായ പുഷ്പയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ പുഷ്പയിൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
കഴിഞ്ഞദിവസം പുഷ്പ സിനിമയുടെ പ്രമോഷന്റെ ഭാഗമായി അല്ലു അർജുനും ചിത്രത്തിലെ നായിക രശ്മിക മന്ദാനയും കൊച്ചിയിൽ എത്തിയിരുന്നു. കേരളത്തിൽ ഇതിനകം പലതവണ വന്നിട്ടുള്ള അല്ലു അർജുൻ കേരളത്തെ തന്റെ രണ്ടാം വീടായാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ താനൊരു കടുത്ത മോഹൻലാൽ ഫാൻ ആണെന്നും അല്ലു തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തവണ കൊച്ചിയിൽ എത്തിയപ്പോഴും അല്ലു അക്കാര്യം വ്യക്തമാക്കി.
മോഹൻലാലിനെക്കുറിച്ച് ചോദിച്ചപ്പോൾ തെന്നിന്ത്യൻ സിനിമയിൽ തന്നെ മോഹൻലാലിനെ ഇഷ്ടപ്പെടാത്ത ഒരു നടനും കാണില്ലെന്ന് ആയിരുന്നു അല്ലു അജുന്റെ മറുപടി. അദ്ദേഹത്തെ പോലെയുള്ള വലിയ നടന്മാരുടെ ചിത്രങ്ങൾ കണ്ടാണ് താനൊക്കെ വളർന്നത്. അതു കൊണ്ട് അദ്ദേഹത്തോടുള്ള ഇഷ്ടം എന്നും ഉണ്ടാകുമെന്നും അല്ലു അർജുൻ വ്യക്തമാക്കി. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യഭാഗം ആണ് ഡിസംബർ പതിനേഴിന് അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്യുന്നത്. സുകുമാർ ഒരുക്കിയ ഈ ചിത്രത്തിൽ പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് ഫാസിൽ എത്തുന്നത്.