മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ’അമ്മ’യ്ക്ക് ആസ്ഥാന മന്ദിരം ഒരുങ്ങി. അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചെലവിട്ട് കലൂരില്‍ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളസിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ഈ പുതിയ കെട്ടിടത്തിലൂടെ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്മ സംഘടനയ്ക്കു വേണ്ടി ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ കാര്യങ്ങള്‍ സസ്പെന്‍സ് ആയി വച്ചിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിയായിരുന്നു ഉദ്ഘാടനപ്രസംഗകന്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമാ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഏകദേശം 135ഓളം പ്രവര്‍ത്തകര്‍ക്ക് ഇതില്‍ അഭിനയിക്കാന്‍ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീര്‍വാദ് ആകും നിര്‍മിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാര്‍ എഴുതിയിരിക്കുന്നു. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്യും.’-മോഹന്‍ലാല്‍ പറഞ്ഞു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിന്റെ പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരവും ‘അമ്മ’ സംഘടന ഒരുക്കുന്നു. അതിന്റെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ നൂറ് പേര്‍ക്കായിരുന്നു പ്രവേശനം. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമായി തയ്യാറാക്കിയിരിക്കുന്നത്. നടി, നടന്മാര്ക്ക് സൗകര്യമായിരുന്ന് കഥകള്‍ കേള്‍ക്കാനുള്ള സൗകര്യം ഉള്‍പ്പടെ കെട്ടിടത്തില്‍ സജീകരിച്ചിട്ടുണ്ട്. പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം ഇതിന്റെ ഭാഗം. ചലച്ചിത്ര പ്രദര്‍ശനത്തിനു സൗകര്യമുള്ള വലിയ ഹാളില്‍ എല്‍ഇഡി വോള്‍ പോലുള്ള സംവിധാനങ്ങളുമുണ്ട്. നാടക, കലാ ശില്പശാലകള് പോലുള്ള സാംസ്കാരിക പരിപാടികള്‍ക്കും സൗകര്യമൊരുക്കും. കഫെറ്റീരിയയുമുണ്ട്.