എറണാകുളം കലൂരിൽ താരസംഘടനയായ ‘അമ്മ’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഫെബ്രുവരി 6ന് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. താരസംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാലിന്റെ വലിയ ആഗ്രഹമായിരുന്നു അമ്മയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം വേണമെന്നത് എന്ന് വ്യക്തമാക്കുകയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഒരു സ്വന്തം വീട് പണിഞ്ഞ്, താമസം തുടങ്ങാന്‍ ഒരുങ്ങുന്നതിന്റെ ഫീല്‍ ആണ് ഇപ്പോഴെന്നും ഇടവേള ബാബു വനിത ഓണ്‍ലൈനോട് പറഞ്ഞു.
ഒരു സാംസ്കാരിക കേന്ദ്രം എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സജ്ജീകരണങ്ങളുമുള്ള ഈ കെട്ടിടത്തിലായിരിക്കും ഇനി മുതൽ സംഘടനയുടെ മീറ്റിങ്ങുകൾ നടക്കുക. നാടക ശില്‍പ്പശാലകളും, ആര്‍ട്ട് എക്സിബിഷന്‍സും ഒക്കെ സംഘടിപ്പിക്കാം. അതിനൊപ്പം അഭിനേതാക്കള്‍ക്ക് തിരക്കഥ കേള്‍ക്കാനുള്ള പ്രത്യേക സംവിധാനവും ഇവിടെയുണ്ട്. താരങ്ങള്‍ക്ക് വന്ന് തിരക്കഥ കേള്‍ക്കാനും, എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കുമൊക്കെ വന്ന് പറയാനും വേണ്ടി 5 ഗ്ലാസ് ചേംബറുകളാണ് മന്ദിരത്തില്‍ ഉള്ളത്. ഒപ്പം ഓഡിറ്റോറിയവുമുണ്ട്. അവിടെ സിനിമ പ്രദര്‍ശിപ്പിക്കാം, പൂജകള്‍ നടത്താം. ഭാരവാഹികള്‍ക്ക് പ്രത്യേക ഓഫീസ് മുറികളും ഓഫീസ് സ്റ്റാഫുകളുമുണ്ടാകുമെന്നും ഇടവേള ബാബു വ്യക്തമാക്കി.