ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങൾക്കും ബോളിവുഡ് ചിത്രങ്ങൾക്കും സ്റ്റണ്ട് രംഗങ്ങൾ ഒരുക്കി കയ്യടി നേടിയ സ്റ്റണ്ട് മാസ്റ്റർ ആണ് അനൽ അരശ്. അദ്ദേഹം അമൽ നീരദ് ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കും സുപരിചിതൻ ആണ്. ബിഗ് ബി, അൻവർ എന്നീ അമൽ നീരദ് ചിത്രങ്ങൾക്ക് പുറമേ ചട്ടമ്പിനാട്, സുൽത്താൻ, മെർസൽ, കത്തി, സിംഗം, ഉറുമി, ഇനി റിലീസ് ചെയ്യാൻ പോകുന്ന ബിഗിൽ എന്നീ ചിത്രങ്ങൾക്കും സംഘട്ടനം ഒരുക്കിയത് അദ്ദേഹം ആണ്. ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക് എന്ന ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കാനായി അദ്ദേഹം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
സൽമാൻ ഖാൻ നായകനായ ദബാംഗ് 3 എന്ന ചിത്രത്തിൽ നിന്നുമാണ് ഇപ്പോൾ അദ്ദേഹം ഷൈലോക്കിന്റെ സെറ്റിലേക്ക് എത്തിയിരിക്കുന്നത്. അജയ് വാസുദേവ് ഒരു മാസ് എന്റർടെയ്ൻമെന്റ് മൂവി ആയി സംവിധാനം ചെയ്യുന്ന സിനിമയാണ് ഷൈലോക്ക്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ്. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടൻ രാജ് കിരനും നിർണ്ണായകമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്.