മരക്കാർ സിനിമ 500 കോടിയിൽ എത്തുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി മോഹൻലാൽ. കഴിഞ്ഞദിവസം രാത്രി 12 മണിക്കാണ് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ റിലീസ് ആയത്. കൊച്ചിയിലെ സരിത തിയറ്ററിൽ കുടുംബത്തിനൊപ്പം സിനിമ കാണാൻ മോഹൻലാലും എത്തിയിരുന്നു. സിനിമയുടെ ഇടയ്ക്ക് ലഭിച്ച ഇടവേളയിൽ മാധ്യമങ്ങളോട് സംസാരിക്കാനും മോഹൻലാൽ സമയം കണ്ടെത്തി.
റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ മോഹൻലാൽ ചിത്രമായ മരക്കാർ പ്രിബുക്കിംഗിലൂടെ നൂറ് കോടിയിൽ ഇടം നേടി ചരിത്രമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ചിത്രം 500 കോടിയിൽ എത്തുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘മോന്റെ നാക്ക് പൊന്നായിരിക്കട്ടെ’ എന്ന മറുപടിയാണ് ഇതിന് മോഹൻലാൽ നൽകിയ മറുപടി. പ്രത്യേക സാഹചര്യവും പ്രത്യേക സിനിമയും ആണെന്നും അത് തിയറ്ററിൽ തന്നെ കാണാൻ സാധിച്ച ഒരാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു. മരക്കാർ ഇന്ത്യൻ സിനിമയുടെ മാറ്റമായിരിക്കുമോ എന്ന ചോദ്യത്തിന് അതിന് സാധിക്കട്ടെ എന്നായിരുന്നു മോഹൻലാലിന്റെ ഉത്തരം.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2021/12/Mohanlal-talks-about-Marakkar-OTT-release.jpg?resize=788%2C443&ssl=1)
രണ്ടാം തിയതി പുലർച്ചെ 12 മണിക്ക് തന്നെ പ്രദർശനം ആരംഭിച്ച മരക്കാർ റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബിൽ ഇടം പിടിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ലോകമെമ്പാടും നാലായിരത്തിൽ അധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസ് ആയിരിക്കുന്നത്.