മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂര്‍. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ്ബജറ്റ് ചിത്രമായ മരയ്ക്കാറിന്റെ റിലീസ് കൊവിഡ് കാരണം നീണ്ടു പോകുന്നതിനിടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ജീത്തു ജോസഫുമായി ചേര്‍ന്നാണ് പുതിയ ചിത്രം. അതേ സമയം ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമല്ലെന്നും സാഹചര്യം അനുകൂലമെങ്കില്‍ മരയ്ക്കാര്‍ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
2020 മാര്‍ച്ചില്‍ ‘മരയ്ക്കാര്‍’ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേ മാസം തന്നെ രാജ്യത്ത് കൊവിഡ് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ശേഷം വന്ന കൊവിഡ് ലോക്ക്ഡൗണും സിനിമാ മേഖലയെ സാരമായി ബാധിച്ചു
100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ദേശീയ പുരസ്കാരങ്ങള്‍ നേടിയിരുന്നു. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് ദേശീയ തലത്തില്‍ മരക്കാറിന് ലഭിച്ചത്. മരക്കാറില്‍ കുഞ്ഞാലി മരയ്ക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.