സംവിധായകൻ ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തുന്നുവെന്ന വാർത്ത തെറ്റാണെന്ന് ആന്റണി പെരുമ്പാവൂർ. ആഷിഖ് അബു സംവിധാനം ചെയ്യുന്നതോ സന്തോഷ് ടി കുരുവിള നിർമിക്കുന്നതോ ആയ മോഹൻലാൽ ചിത്രങ്ങളുടെ ചർച്ച പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. മോഹൻലാലിന്റെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് ഇക്കാര്യം ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത് സന്തോഷ് ടി കുരുവിള നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.
നിലവിൽ ആദ്യ സംവിധാന സംരംഭമായ ‘ബാറോസി’ന്റെ ഷൂട്ടിംഗിലാണ് മോഹൻലാൽ. ഇതിന്റെ ചിത്രീകരണം ഏപ്രിൽ 14ന് പൂർത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ അതിനു ശേഷമായിരിക്കും തീരുമാനിക്കുക. വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ, ഷാജി കൈലാസിന്റെ എലോൺ, ജീത്തു ജോസഫിന്റെ ട്വൽത് മാൻ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.
അടുത്ത രണ്ടു ചിത്രങ്ങളും യുവസംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പമായിരിക്കും എന്നായിരുന്നു വാർത്തകൾ. ഇരുവർക്കും മോഹൻലാൽ ഡേറ്റ് നൽകിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ രണ്ട് ചിത്രങ്ങളും നിർമിക്കുന്നത് ആശിർവാദ് സിനിമാസ് ആയിരിക്കില്ല എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ നിഷേധിച്ചാണ് ആന്റണി പെരുമ്പാവൂർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.